ന്യൂഡൽഹി/ തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ബീഹാറിലേക്കും അവിടെ നിലവിൽ ഗവർണർ ആയ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കേരള ഗവർണറായും നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ഉത്തരവിറക്കി. സെപ്തംബർ അഞ്ചിന് അഞ്ചുവർഷ കാലാവധി പൂർത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാന് രാജ്യത്തെ വലിയ സംസ്ഥാനങ്ങളിലൊന്നായ ബീഹാറിലേക്കുള്ള മാറ്റം അംഗീകാരമായി കണക്കാക്കാം.
കേരളത്തിന്റെ 23-ാം ഗവർണർ ആയി ചുമതലയേൽക്കുന്ന ആർലേക്കർ(70) ഗോവയിൽ നിന്നുള്ള ബി.ജെ.പി നേതാവാണ്.മനോഹർ പരീക്കർ കേന്ദ്രമന്ത്രിയായ സമയത്ത് ഗോവ മുഖ്യമന്ത്രിയായി പരിഗണിച്ചിരുന്നു. അവിടെ സ്പീക്കറും മന്ത്രിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021-2023 കാലത്ത് ഹിമാചൽ പ്രദേശ് ഗവർണർ ആയിരുന്നു. 2023 ഫെബ്രുവരിയിലാണ് ബീഹാർ ഗവർണർ ആയത്. ഭാര്യ: അനഘ ആർലേക്കർ, രണ്ടു മക്കളുണ്ട്. ബാല്യം മുതൽ ആർ.എസ്.എസ് പ്രവർത്തകനായിരുന്നു. ബി.ജെ.പി രൂപീകരിച്ച നാൾ മുതൽ സജീവ അംഗമാണ്. സംഗീതാസ്വാദകനും സൗമ്യമായ വ്യക്തിത്വത്തിനുടമയുമാണ്.
Vazhcha Yugam Whatsapp Group ചേരാൻ
Vazhcha Yugam Whatsapp Telegram Group ചേരാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
മുൻ ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല മണിപ്പൂർ ഗവർണറായി ചുമതലയേൽക്കും. ഒഡീഷ ഗവർണറായി മിസോറാം ഗവർണർ ഡോ. ഹരി ബാബു കമ്പംപതിയെ നിയമിച്ചു. പകരം മുൻ കരസേനാ മേധാവിയും കേന്ദ്രമന്ത്രിയുമായിരുന്ന ജനറൽ ഡോ. വി.കെ. സിംഗ് മിസോറാം ഗവർണറായി ചുമതലയേൽക്കും. ഒഡീഷ ഗവർണർ രഘുബർ ദാസിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയ്ക്കു മാറ്റമില്ല.
ഗവർണർ സ്ഥാനത്തു നിന്നുള്ള ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം കേരളത്തിലെ പിണറായി സർക്കാരിനെ സംബന്ധിച്ചിടത്തോളം ആശ്വാസമാണ്. ഗവർണർ പദവിയുടെ അധികാരം എന്താണെന്ന് കേരളത്തിനു കാണിച്ചു കൊടുത്ത തന്ത്രശാലിയായ ഗവർണറായിരുന്നു ഉത്തർപ്രദേശ് സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറുടെ കർശന നടപടിക്കു മുന്നിൽ കേരള സർക്കാർ പതറിപ്പോയ പല സന്ദർഭങ്ങളുമുണ്ടായി.
സർക്കാരും ഗവർണറും തമ്മിലുള്ള പോര് നിത്യ വാർത്തയായിരുന്നു. ഇപ്പോൾ ഡൽഹിയിലുള്ള ആരിഫ് മുഹമ്മദ് ഖാൻ 28 ന് തിരിച്ച് തിരുവനന്തപുരത്തെത്തും. തുടർന്നായിരിക്കും പുതിയ ഗവർണറുടെ സ്ഥാനാരോഹണം സംബന്ധിച്ച തീരുമാനം ഉണ്ടാവുക.
മാറ്റങ്ങൾ തിരഞ്ഞെടുപ്പ്
മുന്നിൽക്കണ്ട് ?
ബീഹാറിൽ അടുത്തവർഷമാണ് നിയമസഭാ തിരഞ്ഞെടുപ്പ്. കേരളത്തിൽ 2026ലും. ആരിഫ് മുഹമ്മദ് ഖാനെ ബീഹാറിലേക്കും, രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിനെ കേരളത്തിലേക്കും അയയ്ക്കുന്നത് അതിനാൽ തന്നെ ശ്രദ്ധേയമാണ്. ഗോവ നിയമസഭയെ പേപ്പർലെസ് ആക്കിയത് സ്പീക്കറായിരുന്ന ആർലേക്കറിന്റെ നേട്ടമായാണ് വിലയിരുത്തുന്നത്. രാജ്യത്ത് ആദ്യമായി പേപ്പർലെസ് ആയ നിയമസഭ ഗോവയുടേതായിരുന്നു.