തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. ടി വി പ്രശാന്ത് നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയതിന് തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന പ്രശാന്തിന്റെ മൊഴിക്കപ്പുറം തെളിവില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. തെളിവ് ഹാജരാക്കാന്‍ പ്രശാന്തിനും കഴിഞ്ഞില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ് പിയാണ് അന്വേഷണം നടത്തിയത്. എന്നാല്‍ പ്രശാന്തിന്റെ ചില മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകളും ദൃശ്യങ്ങളുമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്വര്‍ണം പണയം വെച്ചത് മുതല്‍ എഡിഎമ്മിന്റെ ക്വാര്‍ട്ടേഴ്സിലേക്ക് എത്തുന്നത് വരെയുള്ള മൊഴികളില്‍ തെളിവുകളുണ്ട്. എന്നാല്‍ ക്വാര്‍ട്ടേഴ്സിന് സമീപം എത്തിയശേഷം എന്ത് സംഭവിച്ചു എന്നതിന് തെളിവില്ല. ഒക്ടോബര്‍ അഞ്ചിന് സ്വര്‍ണം പണയം വെച്ചതിന്റെ രസീത് പ്രശാന്ത് കൈമാറി. ഒക്ടോബര്‍ ആറിന് പ്രശാന്തും നവീന്‍ ബാബുവും നാല് തവണ ഫോണില്‍ സംസാരിച്ചു. ഈ വിളികള്‍ക്കൊടുവിലാണ് പ്രശാന്ത് നവീന്‍ ബാബു കൂടിക്കാഴ്ച നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ഒക്ടോബര്‍ എട്ടിന് പെട്രോള്‍ പമ്പിന് എന്‍ഒസി ലഭിച്ചു. കൈക്കൂലി കൊടുത്തെന്ന കാര്യം ഒക്ടോബര്‍ പത്തിനാണ് വിജിലന്‍സിനെ അറിയിക്കുന്നത്. പ്രശാന്തിന്റെ ബന്ധുവാണ് കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയെ വിളിച്ചു പറയുന്നത്. ഒക്ടോബര്‍ 14ന് വിജിലന്‍സ് സിഐ പ്രശാന്തിന്റെ മൊഴിയെടുത്തു. അന്ന് വൈകിട്ടായിരുന്നു വിവാദമായ യാത്രയയപ്പ് യോഗവും. വിജിലന്‍സ് ഡിവൈഎസ്പിക്ക് അന്ന് തന്നെ റിപ്പോര്‍ട്ടും നല്കി. പ്രശാന്തിന്റെ മൊഴിയെടുത്ത കാര്യം നവീന്‍ ബാബുവിനോട് പറഞ്ഞിട്ടില്ലെന്ന് വിജിലന്‍സ് അറിയിക്കുന്നു. പിറ്റേന്ന് ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. കൈക്കൂലി കൊടുത്തെന്ന വെളിപ്പെടുത്തലില്‍ പ്രശാന്തിനെതിരെ കേസെടുക്കാനും വകുപ്പില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.