
നിലമ്പൂര്‍: പി.വി അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറയുന്നുണ്ടെങ്കിലും നിലമ്പൂരിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ മുന്‍ എംഎല്‍എ ഇടഞ്ഞുതന്നെ. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തിനെതിരെ തുറന്നടിച്ചാണ് പി.വി അന്‍വര്‍ പ്രതികരിച്ചത്. ഷൗക്കത്തിന് സിപിഎമ്മുമായി നല്ല ബന്ധമാണുള്ളതെന്നും വയനാട് വച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയുമായി ഷൗക്കത്ത് ചര്‍ച്ച നടത്തിയെന്നും അന്‍വര്‍ പറയുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ സിപിഎം സ്വതന്ത്രനായി മത്സരിക്കാന്‍ ഷൗക്കത്ത് നീക്കം നടത്തിയിരുന്നു. അദ്ദേഹത്തെ കുറിച്ച് നിലമ്പൂരിലെ ജനങ്ങള്‍ക്കുള്ള അഭിപ്രായം എന്താണെന്ന് വ്യക്തമായി തന്നെ അറിയാം. അതുകൊണ്ടാണ് ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സൂക്ഷിച്ച് വേണമെന്ന മുന്നറിയിപ്പ് കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയത്. ഭാവി പരിപാടികള്‍ എന്താണെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. തല്ക്കാലം പ്രചാരണത്തില്‍ നിന്ന് വിട്ടു നില്ക്കാന് തന്നെയാണ് തീരുമാനം.

നിലമ്പൂരില്‍ പ്രചാരണത്തിന് ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം കൂടി കാത്തിരിക്കണം. ജനങ്ങളുമായി സംസാരിച്ച് അവരുടെ അഭിപ്രായം കേട്ടതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ. കാര്യങ്ങള്‍ പഠിക്കാന്‍ തനിക്ക് രണ്ട് ദിവസത്തെ സമയം വേണമെന്നും അന്‍വര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. വിഎസ് ജോയ് ആയിരുന്നു മികച്ച സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹത്തിന് പക്ഷേ കോണ്‍ഗ്രസില്‍ ഗോഡ്ഫാദര്‍മാരില്ലെന്നും അന്‍വര്‍ പറയുന്നു.
വിഎസ് ജോയിയെ ഒഴിവാക്കിയ നടപടിയിലൂടെ തഴയപ്പെട്ടിരിക്കുന്നത് മലയോര മേഖലയിലെ ജനങ്ങളാണെന്നും അന്‍വര്‍ പറഞ്ഞു. എല്‍ഡിഎഫ് ബന്ധം അവസാനിപ്പിച്ച് എംഎല്‍എ സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെ മണ്ഡലത്തില്‍ ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് അന്‍വര്‍ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തിനെ പിന്തുണയ്ക്കുന്ന നിലപാടാണ് വിഎസ് ജോയ് സ്വീകരിച്ചത്. ഷൗക്കത്ത് മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും വിജയം ഉറപ്പാണെന്നും ജോയ് പ്രതികരിച്ചു.