ബെംഗളൂരു: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്ലാറ്റിൽ നിന്നും സ്വർണം കണ്ടെത്തി. ബെംഗളൂരുവിലെ ശ്രീറാംപുരയിലെ വാടക ഫ്ലാറ്റിൽ നിന്നാണ് 176 ഗ്രാം സ്വർണം പിടിച്ചെടുത്തത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

പിടിച്ചെടുത്തവയെല്ലാം ആഭരണങ്ങളാണ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പരിശോധന തുടരുകയാണ്. ബെംഗളൂരു പൊലീസിലെ ഉദ്യോഗസ്ഥരും എസ്ഐടിയോടൊപ്പം പോറ്റിയുടെ വീട്ടിൽ പരിശോധനയിലുണ്ട്.
കേരളത്തിലും നിരവധി ഭൂമി ഇടപാടുകൾ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയിരുന്നു. അതിന് സമാനമായി ബെംഗളൂരുവിലും പോറ്റി ഭൂമി ഇടപാടുകൾ നടത്തിയിട്ടുണ്ട്. അത് സംബന്ധിച്ച രേഖകളും വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുള്ളതായാണ് വിവരങ്ങൾ.

ശബരിമലയിൽ നിന്നും കട്ട സ്വർണം ബെല്ലാരിയിലെ സ്വർണവ്യാപാരിയിൽ നിന്നും ഇന്ന് രാവിലെ കണ്ടെത്തിയെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റി, വ്യാപാരിയായ ഗോവർധന് കൈമാറിയ സ്വർണമാണ് കണ്ടെത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി, ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന്, വേർതിരിച്ചെടുത്ത സ്വർണ്ണം ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരിയായ ഗോവർധന് വിറ്റതായി പ്രത്യേക അന്വേഷണ സംഘത്തോട് (എസ്ഐടി) വെളിപ്പെടുത്തിയിരുന്നു. സ്വർണക്കട്ടികളാണ് കണ്ടെത്തിയത്.ഉണ്ണികൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം തനിക്കു നൽകിയെന്നാണ് ഗോവർധന്റെ മൊഴി. അത്രയും സ്വർണം കണ്ടെത്താനായോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

