തിരുവനന്തപുരം: മലങ്കര സഭാ തര്‍ക്കത്തില്‍ ഇടപെടലുമായി കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ മാര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും.

സഭയുടെ ഇന്ത്യയിലെ തലവന്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയും പങ്കെടുക്കും. കൂടിക്കാഴ്ചയ്ക്കു പ്രധാനമന്ത്രി താത്പര്യപ്പെട്ട പ്രകാരം ഓസ്ട്രേലിയന്‍ പര്യടനം വെട്ടിച്ചുരുക്കിയാണ് പാത്രിയീര്‍ക്കീസ് ബാവ ഡല്‍ഹിയിലെത്തുന്നത്. ഓര്‍ത്തഡോക്സ് സഭ ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ലെന്നാണ് സൂചന. തങ്ങളെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നു ബന്ധപ്പെട്ടിട്ടില്ലെന്നു സഭാ അധകൃതര്‍ വ്യക്തമാക്കി.
ട്വന്റി20 എന്‍ഡിഎ മുന്നണിയിലേക്ക് വന്നതിനെത്തുടര്‍ന്നാണ് നൂറ് വര്‍ഷത്തിലേറെ നീണ്ട മലങ്കര സഭാ തര്‍ക്കത്തില്‍ കേന്ദ്രം ഇടപെടുന്നത്. ട്വന്റി20 പ്രസിഡന്റ് സാബു എം ജേക്കബ് മുന്‍കൈയെടുത്തുള്ള ശ്രമമാണ് നടക്കുന്നത്.

കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനത്ത് എത്തിയ അദ്ദേഹം മാര്‍ത്തോമ മാത്യൂസ് തൃതീയ കാതോലിക്കാ ബാവയുമായി ചര്‍ച്ച നടത്തിയിരുന്നു. യാക്കോബായ സഭയുടെ കാതോലിക്കാ ബാവയുമായും അദ്ദേഹം ആശയ വിനിമയം നടത്തിയിട്ടുണ്ട്. കേന്ദ്രത്തിന്റെ ഇടപെടല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യാക്കോബായ സഭാ വര്‍ക്കിങ് കമ്മിറ്റിയും ചര്‍ച്ച ചെയ്തിരുന്നു. യാക്കോബായ സഭാംഗ കൂടിയായ സാബു ജേക്കബ് എന്‍ഡിഎയിലേക്ക് വന്നത് എറണാകുളത്ത് ബിജെപി വേരോട്ടത്തിനു സഹായകരമാകുമെന്നാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

പി എസ് ശ്രീധരന് പിള്ള മിസോറം ഗവര്‍ണറായിരുന്നപ്പോള്‍ ഇരു സഭാ വിഭാഗം തലവന്മാരേയും കണ്ട് സമവായ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ശ്രമം മുന്നോട്ടു പോയില്ല. സുപ്രീം കോടതി വിധിയുടെ ഉള്ളില്‍ നിന്നുകൊണ്ടുള്ള ചര്‍ച്ചയ്ക്കേ തയ്യാറുള്ളൂവെന്നാണ് ഓര്‍ത്തഡോക്സ് സഭയുടെ നിലപാട്. യോജിച്ചു പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ പള്ളികളിലെ ഭൂരിപക്ഷം നോക്കി സഹോദരസഭകളായി പിരിയാമെന്നാണ് യാക്കോബായ സഭയുടെ നിലപാട്.
വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തില്‍ സുപ്രീം കോടതി വിധി ഓര്‍ത്തഡോക്സ് വിഭാഗത്തിനു അനുകൂലമായിരുന്നു. ഇതിനെതിരെ യാക്കോബായ സഭ നല്കിയ ഹര്‍ജിയില്‍ വിധി എല്ലാ പള്ളികള്‍ക്കും ബാധകമാണോയെന്നു പരിശോധിക്കാന്‍ സുപ്രീം കോടതി ഹൈക്കോടതിയോടു നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.
