പാലക്കാട്: നാട്ടുകല്ലിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദ ജീവനൊടുക്കിയ സംഭവത്തിൽ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട്. ആശിർനന്ദ പഠിച്ച ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിനെതിരെയാണ് റിപ്പോർട്ട്. മാർക്കിന്റെ അടിസ്ഥാനത്തിൽ ക്ളാസ് മാറ്റിയിരുത്തിയത് ചട്ടവിരുദ്ധമാണെന്നതടക്കമുള്ള കാര്യങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പാലക്കാട് ഡിഡിഇ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ.

ക്ളാസ് മാറ്റിയിരുത്തിയ ദിവസം തന്നെയാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. മാർക്ക് കുറഞ്ഞാൽ തരംതാഴ്ത്തുന്നതിന് സമ്മതമാണെന്നുള്ള കത്ത് രക്ഷിതാക്കളിൽ നിന്ന് സ്കൂൾ അധികൃതർ നിർബന്ധപൂർവ്വം ഒപ്പിട്ട് വാങ്ങിയെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തിൽ തെളിഞ്ഞതായും റിപ്പോർട്ടിലുണ്ട്. ഡിഡിഇയുടെ അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർക്കും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും കൈമാറി.


ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് തച്ചനാട്ടുകര ചോളോടുള്ള ആശിർനന്ദ ആത്മഹത്യ ചെയ്തത്. കുട്ടി ആത്മഹത്യ ചെയ്യാൻ കാരണം സ്കൂളിലെ മാനസിക പീഡനമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിൽ ആശിർനന്ദക്ക് മനോവിഷമം ഉണ്ടായിരുന്നതായും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രതിഷേധം കടുത്തതോടെ ആരോപണവിധേയരായ സ്കൂൾ പ്രിൻസിപ്പൽ ഒപി ജോയിസി, അദ്ധ്യാപികമാരായ സ്റ്റെല്ല ബാബു, എടി തങ്കം എന്നിവരെ പുറത്താക്കി. ഇവരെ കൂടാതെ അമ്പിളി, അർച്ചന എന്നീ അദ്ധ്യാപകരെ പുറത്താക്കാനും മാനേജ്മെന്റ് തയ്യാറായി. ആശിർനന്ദയുടെ മരണത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തിട്ടുണ്ട്. ജില്ലാ ശിശുസംരക്ഷണ സമിതി സ്കൂൾ അധികൃതരിൽ നിന്ന് വിശദമായ റിപ്പോർട്ടും തേടിയിരിക്കുകയാണ്.
