പട്ന:ഓഗസ്റ്റ് 15ന് മൂന്ന് പാക്കിസ്ഥാൻ ഭീകരർ നേപ്പാൾ വഴി ബിഹാറിൽ എത്തിയതായി രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. ജെയ്ഷെ മുഹമ്മദ് അംഗങ്ങളാണ് ഭീകരരെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റാവൽപിണ്ടി നിവാസിയായ ഹസ്നാനിൻ അലി, ഉമർകോട്ടിൽ നിന്നുള്ള ആദിൽ ഹുസൈൻ, ഭവാൽപുരിൽ നിന്നുള്ള മുഹമ്മദ് ഉസ്മാൻ എന്നിവരാണ് ഇവരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ബിഹാർ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മൂവരും ഓഗസ്റ്റ് രണ്ടാം വാരത്തിൽ നേപ്പാളിലെ കാഠ്മണ്ഡുവിൽ എത്തിയ ശേഷമാണ് അവിടെ നിന്ന് ബിഹാറിലേക്ക് എത്തിയത്.

പരിശോധനയ്ക്കും നിരീക്ഷണത്തിനുമായി തീവ്രവാദികളുടെ ചിത്രങ്ങളും വിവരങ്ങളും അതിർത്തി ജില്ലകളിലേക്ക് കൈമാറിയിട്ടുണ്ട്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, രാഹുൽ ഗാന്ധിയുടെ ജൻ അധികാർ യാത്ര ഉൾപ്പെടെ നടക്കവെയാണ് വാർത്ത പുറത്തുവരുന്നത്.
ജില്ലാ ഇന്റലിജൻസ് യൂണിറ്റുകളോട് നിരീക്ഷണം ശക്തമാക്കാനും ഫീൽഡ് വിവരങ്ങൾ ശേഖരിക്കാനും സംശയാസ്പദമായ പ്രവർത്തനങ്ങൾക്കെതിരെ ഉടനടി നടപടിയെടുക്കാനും അധികൃതർ നിർദേശം നൽകി.

വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷാ ഏജൻസികൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ വ്യക്തികളെയോ പ്രവർത്തനങ്ങളെയോ കുറിച്ച് ഉടൻ പൊലീസിനെ അറിയിക്കണമെന്നും ആണ് നിർദേശം.

