ഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ ബിജെപി പ്രതിനിധിയുടെ വിവാദ പരാമർശത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത്. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആണ് ബിജെപി പ്രതിനിധിക്കെതിരെ നടിപടി ആവശ്യപ്പെട്ട് കത്തു നൽകിയത്.

ചാനൽ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന് ഭീഷണി മുഴക്കിയ ബിജെപി പാനലിസ്റ്റിനെതിരെ ഉടൻ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം അക്രമത്തിന് കൂട്ടുനിൽക്കുന്നതായും സാധാരണവൽക്കരിക്കുന്നതായും വിലയിരുത്തപ്പെടുമെന്ന് കെ.സി വേണുഗോപാൽ കത്തിൽ വ്യക്തമാക്കി.
ബിജെപി വക്താവും മുൻ എബിവിപി നേതാവുമായ പ്രിന്റു മഹാദേവാണ് രാഹുലിനെതിരെ വധഭീഷണി മുഴക്കിയത്. ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട് ന്യൂസ് 18 ചാനലിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു പ്രിന്റു മഹാദേവിന്റെ പ്രസ്താവന. പ്രിന്റുവിന്റേത് നാക്കു പിഴയോ അശ്രദ്ധമായ അതിശയോക്തിയോ അല്ലെന്നും രാജ്യത്തെ മുൻനിര രാഷ്ട്രീയ നേതാക്കളിൽ ഒരാളും പ്രതിപക്ഷ നേതാവുമായ രാഹുലിനു നേരെയുള്ള കണക്കുകൂട്ടിയുള്ള വധഭീഷണിയാണെന്ന് വേണുഗോപാൽ ആരോപിച്ചു.

സംഭവത്തിൽ ബിജെപി നേതാവിനെതിരെ കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. പ്രിന്റു മഹാദേവന്റെ തൃശൂരിലെ വസതിയിലേക്ക് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. വസതിക്കു മുന്നിലേ വഴിയിൽ പൊലീസ് ബാരിക്കേട് സ്ഥാപിച്ച് പ്രവർത്തകരെ തടഞ്ഞു. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ ഇതുവരെ പിരിഞ്ഞുപോയിട്ടില്ല.

