
ഇടുക്കി: കനത്ത മഴയില്‍ ഇടുക്കി ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 62 വീടുകള്‍ തകര്‍ന്നു. ഇതിൽ 6 വീടുകൾക്ക് പൂർണമായും 56 വീടുകൾക്ക് ഭാഗികമായുമാണ് നാശനഷ്ടമുണ്ടായത്.

കഴിഞ്ഞ ആറ് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ജില്ലയില്‍ ആകെ 112 വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായിട്ടുള്ളത്. പൂര്‍ണമായും തകര്‍ന്നത് ഒൻപത് വീടുകളാണ്. 103 വീടുകൾക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു.
കടശിക്കടവ് വാഴവീട് ഏലവനം എസ്റ്റേറ്റിൽ മരം വീഴുന്നതിനിടെ ഓടിമാറിയ സ്ത്രീ വീണ് മരിച്ചു. ചക്കുപള്ളം വില്ലേജിൽ എലിസബത്ത് (55) ആണ് മരിച്ചത്.
ഇടുക്കി താലൂക്കിൽ 30 വീടുകൾ ഭാഗികമായും രണ്ട് വീടുകൾ പൂർണമായും തകർന്നു. തൊടുപുഴ താലൂക്കിൽ 18 വീടുകൾ ഭാഗികമായും നാല് വീടുകൾ പൂർണമായും തകർന്നു. പിരുമേട് ഉടുമ്പൻചോല താലൂക്കുകളിൽ മൂന്ന് വീടുകൾ ഭാഗികമായും ദേവികുളം താലൂക്കില്‍ രണ്ട് വീടുകള്‍ ഭാഗികമായും തകർന്നു.
