രാജ്യാന്തര പുരസ്ക്കാര നേട്ടത്തിന്റെ നിറവില്‍ ഗുവാഹത്തി ലോക്പ്രിയ ഗോപിനാഥ് ബോര്‍ഡൊലോയ് രാജ്യാന്തര വിമാനത്താവളം. 2025ലെ ഇന്റര്‍നാഷണല്‍ ആര്കിടെക്ച്ചറല് അവാര്‍ഡിന്റെ ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തിലാണ് പുരസ്കാര നേട്ടം. നിര്‍മാണ മികവു കൊണ്ട് ശ്രദ്ധിക്കപ്പെട്ട ലോകമെങ്ങുമുള്ള ഏഴു വിമാനത്താവളങ്ങൽ ഒന്നായിട്ടാണ് ഗുവാഹത്തി വിമാനത്താവളം ഇതോടെ മാറിയിരിക്കുന്നത്. ദ ചിക്കാഗോ അതെനിയം: മ്യൂസിയം ഓഫ് ആര്കിടെക്ച്ചര് ആന്റ് ഡിസൈന്‍, യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ആര്കിടെക്ച്ചര് ആര്‍ട്ട് ഡിസൈന്‍ ആന്റ് അര്‍ബന്‍ സ്റ്റഡീസും മെട്രോപൊളിറ്റന്‍ ആര്‍ട്സ് പ്രസുമായി സഹകരിച്ചാണ് ഈ പുരസ്ക്കാരം നല്‍കുന്നത്.

സമൂഹമാധ്യമത്തിലൂടെ ഗുവാഹത്തി വിമാനത്താവള അധികൃതര്‍ തന്നെ പുരസ്ക്കാര നേട്ടം പങ്കുവച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അദ്ഭുതങ്ങള്ക്കുള്ള സമര്‍പ്പണമെന്ന നിലയിലാണ് ഈ വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത്. ഓര്‍ക്കിഡുകളില്‍ നിന്നും മുളകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഗുവാഹത്തി വിമാനത്താവളം നിര്‍മിച്ചിരിക്കുന്നതെന്നും സമൂഹമാധ്യമങ്ങളിലെ കുറിപ്പില്‍ പറയുന്നുണ്ട്. അസമിന്റെ പ്രകൃതി ഭംഗിയും ജൈവ വൈവിധ്യവും സാംസ്ക്കാരിക ആഴവുമെല്ലാം പ്രതിഫലിപ്പിച്ചുകൊണ്ടാണ് ഗുവാഹത്തി വിമാനത്താവളം ലോകമെങ്ങുമുള്ള സഞ്ചാരികളെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഹൃദയത്തിലേക്ക് സ്വാഗതം ചെയ്യുന്നത്.
രൂപ ഭംഗിക്കൊപ്പം സുസ്ഥിരതക്കും ഊര്‍ജ കാര്യക്ഷമതക്കും കുറഞ്ഞ കാര്‍ബണ്‍ ഫൂട്ട് പ്രിന്റിനുമെല്ലാം പ്രാധാന്യം നല്കുന്ന രൂപഭംഗിയാണ് ഗുവാഹത്തി വിമാനത്തവാവളത്തിനുള്ളത്. തുറന്നതും വായുവും വെളിച്ചവും പരമാവധി ഉള്‍ക്കൊള്ളുന്നതുമായ രൂപകല്പനയില് പ്രകൃതിയെ പരമാവധി ഉള്‍ക്കൊള്ളുന്നുണ്ട്. വിമാനത്താവളത്തിനകത്തെ പൂന്തോട്ടങ്ങളും കുത്തനെയുള്ള പൂന്തോട്ടങ്ങളും വായുവിന്റെ ഗുണനിലവാരവും മികച്ചതാക്കുന്നു. പച്ചപ്പുകൊണ്ടും വെളിച്ചംകൊണ്ടും സമൃദ്ധമാണ് ഗുവാഹത്തി വിമാനത്താവളം.

പ്രതിവര്‍ഷം ഒരു കോടി യാത്രികരെ വരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും വിധമാണ് വിമാനത്താവളത്തിന്റെ നിര്‍മാണം. ന്യൂഡ്സ് എന്ന ആര്കിടെക്ച്ചറല് കമ്പനിയാണ് ഗുവാഹത്തി വിമാനത്താവളത്തിന്റെ നിര്‍മാണം നടത്തിയിരിക്കുന്നത്. നുറു കരിമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രൂപകല്പന നിര്‍വഹിച്ചത്. ലാന്‍ഡ്സ്കേപ്പ് ഒരുക്കിയത് ഹെമാലി ലാന്‍ഡ്സ്കേപ് ഡിസൈന്‍ സ്റ്റുഡിയോയാണ്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനത്താവളം കൂടിയാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആറ് വിമാനത്താവളങ്ങള്‍ക്കു കൂടി നിര്‍മാണ മികവിന്റെ പേരില്‍ എയര്‍പോര്‍ട്സ് ആന്റ് ട്രാന്സ്പോര്ട്ടേഷന് സെന്റര്‍ വിഭാഗത്തില്‍ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.

