രാജ്യവ്യാപക എസ്ഐആർ നടപടികൾ പുരോഗമിക്കുന്നു. ബൂത്ത് ലെവൽ ഓഫീസർമാരുടെ പരിശീലനമാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. എണ്ണൽ ഫോമുകൾ തയ്യാറാക്കുന്നതിൻ്റെ നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലാണ് ബിഹാറിന് പിന്നാലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടപ്പിലാക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയപാർട്ടികളുമായുള്ള കമ്മീഷൻ്റെ യോഗവും പുരോഗമിക്കുകയാണ്.

അതേസമയം എസ്ഐആറിൻ്റെ മറവിൽ പൗരത്വ നിയമം നടപ്പിലാക്കാനുള്ള ശ്രമം തടയുമെന്നാണ് പ്രതിപക്ഷത്തിൻ്റെ നിലപാട്. ബംഗാളിൽ എസ്ഐആറിലൂടെ പൗരത്വ നിയമം നടപ്പിലാക്കിയാൽ ബിജെപി നേതാക്കളെ കെട്ടിയിടുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി ആഹ്വാനം ചെയ്തു.
തൃണമൂൽ കോൺഗ്രസ് നേതാക്കൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു ബിജെപി തിരിച്ചടിച്ചു.

അതേസമയം, അർഹരായ എല്ലാവരെയും ഉൾപ്പെടുത്താനാണ് വോട്ടർ പട്ടിക പരിഷ്കരണം എന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. നവംബർ ആദ്യം മുതൽ ഘട്ടംഘട്ടമായി രാജ്യവ്യാപകമായി എസ്ഐആർ നടപ്പാക്കാനാണ് തെരഞ്ഞെടുപ്പ്കമീഷൻ്റെ പദ്ധതിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

