തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികളിൽ നാല് പേർ സുരക്ഷിതരാണെന്ന് വിവരം.

ഇവർ സഞ്ചരിച്ച വളളം കന്യാകുമാരിയ്ക്ക് അടുത്താണെന്ന് ഫോൺ കോൾ ലഭിച്ചു. കാണാതായ അഞ്ച് പേർക്കായുളള തിരച്ചിൽ പുരോഗമിക്കുകയാണ്. മേയ് 29ന് രാത്രിയാണ് മൂന്ന് വളളങ്ങളിലായി ഇവർ പോയത്. തൊഴിലാളികൾ തിരിച്ചെത്താതിരുന്നതോടെയാണ് ഇന്നലെ തിരച്ചിൽ ആരംഭിച്ചത്. എന്നാൽ കടൽക്ഷോഭവും ശക്തമായ കാറ്റും തിരച്ചിലിന് തിരിച്ചടിയായി.
അതേസമയം സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പില്ല. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട്, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതിതീവ്ര മഴ മുന്നറിയിപ്പുകളില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലെ അത്ര ശക്തമായ മഴയ്ക്ക് സാദ്ധ്യതയില്ലെന്നാണ് അറിയിപ്പ്. ഈ സീസണിലെ ആദ്യ തീവ്രമഴ ദിവസങ്ങൾ അവസാനിക്കുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

