തിരുവനന്തപുരം: സപ്ലൈകോ ഓണച്ചന്തകള്‍ ആഗസ്റ്റ് 25ന് ആരംഭിക്കുമെന്ന് മന്ത്രി ജി.ആര്. അനില്‍കുമാര്‍. ജില്ല കേന്ദ്രങ്ങളിലും നിയോജനകമണ്ഡലം ആസ്ഥാനത്തും ഓണച്ചന്തകളുടെ ഉദ്ഘാടനം 25ന് വൈകീട്ട് തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. 26, 27 തീയതികളിലായി ജില്ല കേന്ദ്രങ്ങളിലും ഓണം ഫെയറുകൾ തുടങ്ങും.

സെപ്റ്റംബര്‍ നാലുവരെ, 10 ദിവസമാണ് ചന്തകളുണ്ടാവുക. എല്ലാ നിയമസഭ മണ്ഡലങ്ങളിലും ഓണം ഫെയര്‍ നടത്തും. നിയമസഭ മണ്ഡലങ്ങളിലെ ഓണം ഫെയറുകള്‍ ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ നാലുവരെയാണ് നടത്തുക. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ആഗസ്റ്റ് 25 മുതല്‍ സഞ്ചരിക്കുന്ന ഓണച്ചന്തകളുമുണ്ടാവും.
അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും ബ്രാന്‍ഡഡ് ഉൽപന്നങ്ങളും നാടിന്റെ മുക്കിലും മൂലയിലും എത്തിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. റേഷന്‍ സംവിധാനത്തിലൂടെ വെള്ള കാര്‍ഡുകാര്‍ക്ക് 15 കിലോ സ്പെഷല്‍ അരി 10 രൂപ 90 പൈസക്ക് ലഭ്യമാക്കും. നീല കാര്‍ഡുകാര്‍ക്ക് 10 കിലോ അരി ലഭ്യമാക്കും. പിങ്ക് കാര്‍ഡിന് അഞ്ചുകിലോ അരി ലഭ്യമാക്കും. മഞ്ഞ കാര്‍ഡിന് ഒരുകിലോ പഞ്ചസാര ലഭ്യമാക്കും.

എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകാര്‍ക്കും മണ്ണെണ്ണ വിഹിതം ഉറപ്പാക്കിയിട്ടുണ്ട്. അരി, വെളിച്ചെണ്ണ എന്നിവ ന്യായവിലയ്ക്ക് ഓണക്കാലത്ത് സപ്ലൈകോയിലൂടെ ലഭ്യമാക്കും. നിലവില്‍ ഒരു റേഷന്‍ കാര്‍ഡിന് എട്ടുകിലോ അരിയാണ് സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത്, ഇതിനുപുറമെ കാര്‍ഡ് ഒന്നിന് 20 കിലോ പച്ചരിയോ പുഴുക്കലരിയോ 25 രൂപ നിരക്കില്‍ സ്പെഷലായി അനുവദിക്കും.

ഓണക്കാലത്ത് ശബരി ബ്രാന്‍ഡില്‍ സബ്സിഡിയായും നോണ്‍ സബിസിഡിയായും വെളിച്ചെണ്ണ വിതരണം ചെയ്യും. മറ്റ് ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയും എംആര്‍പിയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ ഔട്ട്ലെറ്റുകളില് ലഭിക്കും. സൺഫ്ലവര്‍ ഓയില്‍, പാമോയില്‍, റൈസ് ബ്രാന് ഓയില്‍ തുടങ്ങിയ മറ്റ് ഭക്ഷ്യ എണ്ണകളും ആവശ്യാനുസരണം ലഭ്യമാക്കും. സബ്സിഡി വെളിച്ചെണ്ണ ലിറ്ററിന് 349 രൂപ, അരലിറ്റര്‍ 179 രൂപ എന്ന നിരക്കില്‍ ലഭ്യമാക്കും. സബ്സിഡി ഇല്ലാത്ത വെളിച്ചെണ്ണ ലിറ്ററിന് 429 രൂപ, അരലിറ്റര്‍ 219 രൂപ നിരക്കുകളിലും ലഭ്യമാക്കും.
എവൈഎ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാനപങ്ങള്‍ക്കും തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങള്‍ ഉള്‍പ്പെട്ട ആറുലക്ഷത്തിലധികം ഓണക്കിറ്റുകള്‍ നല്‍കും. ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെയാണ് കിറ്റ് വിതരണം. സബ്സിഡി സാധനങ്ങളില്‍ വന്‍പയറിന് 75 ല്‍നിന്നും 70 രൂപയായും, തുവര പരിപ്പിന് 105 ല്‍നിന്ന് 93 രൂപയായും വില കുറച്ചു. സബ്സിഡി വഴി ലഭിച്ചിരുന്ന മുളകിന്റെ അളവ് അര കിലോയില്‍നിന്നും ഒരുകിലോ ആയി വര്‍ധിപ്പിച്ചു.
വെളിച്ചെണ്ണ ഒഴികെ എല്ലാ സബ്സിഡി സാധനങ്ങളും ഇപ്പോള്‍ ഔട്ട്ലെറ്റുകളില് ലഭ്യമാണ്. ഓണക്കാലത്ത് തടസ്സമില്ലാതെ മുഴുവന്‍ സബ്സിഡി സാധനങ്ങളും തടസ്സമില്ലാതെ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി സര്‍ക്കാര്‍ അറിയിച്ചു. അര്‍ഹരായ 43,000 കുടുംബങ്ങള്‍ക്ക് കൂടി ഓണത്തിന് മുമ്പ് മുന്‍ഗണന കാര്‍ഡ് അനുവദിക്കും. പുതിയ മുന്‍ഗണന കാര്‍ഡിനായി സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 15 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാവുന്നതാണ്.
