
കോട്ടയം: ഡ്രൈവർ ഇല്ലാത്ത സമയത്ത് മണ്ണുമാന്തിയന്ത്രം പ്രവർത്തിപ്പിക്കാൻ ശ്രമിച്ച വീട്ടുടമസ്ഥന് ദാരുണാന്ത്യം. കോട്ടയം പൈപ്പാർ കണ്ടത്തിൽ സ്വദേശി രാജുവാണ് മരിച്ചത്. നിയന്ത്രണം വിട്ട യന്ത്രം മരത്തിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ വെള്ളം കുടിക്കാനായി മാറിയ സമയത്താണ് രാജു ഹിറ്റാച്ചി ഓടിക്കാൻ ശ്രമിച്ചത്. വാഹനം മണ്ണിൽ ഇടിച്ച് മറിഞ്ഞ് മരത്തിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുത്തന്നെ രാജു മരിച്ചു. അശ്രദ്ധമായ സമീപനമാണ് അപകടം വരുത്തിവെച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പാലയിലും സമാന സംഭവം നടന്നു. വീട്ടിൽ പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തിനിടയിൽ തല കുടുങ്ങി വീട്ടുടമയും മരിച്ചു. കരൂർ സ്വദേശി പോൾ ജോസഫാണ് മരിച്ചത്. കോട്ടയം പാലയിലാണ് സംഭവം. ഓപ്പറേറ്റർ ഇല്ലാത്ത സമയത്ത് യന്ത്രം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം. വിവരമറിഞ്ഞ് പൊലീസും അഗ്നിശമനസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


