മലപ്പുറം: നവകേരള സദസിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കോൺട്രാക്ടർമാരിൽ നിന്നും കോടിക്കണക്കിന് രൂപ പിരിച്ചതിന്റെ ഫോൺ രേഖകൾ തന്റെ പക്കലുണ്ടെന്ന് പി വി അൻവർ. തന്നെ വ്യക്തിഹത്യ നടത്തുന്നതിൽ പ്രധാനി റിയാസ് ആണെന്നും, ഇനിയും അത് തുടർന്നാൽ ഈ രേഖകൾ പുറത്തുവിടുമെന്നും അൻവർ പറഞ്ഞു. റിയാസിന്റെ പേഴ്സണൽ സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി എന്നിവരുൾപ്പെടുന്ന വീഡിയോ ഓഡിയോ രേഖകളും കയ്യിലുണ്ട്. നവകേരള സദസിന്റെ പേരിൽ തനിക്ക് അമ്പത് ലക്ഷം രൂപ കടമുണ്ടെന്നും തന്നെ വ്യക്തിഹത്യ നടത്തിയാൽ അതേ രീതിയിൽ തിരിച്ചടിക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു. നേതാക്കൾ കാട്ടി കൂട്ടിയ പലതിന്റേയും തെളിവുകൾ തന്റെ പക്കലുണ്ടെന്നും വേണ്ടി വന്നാൽ നിലമ്പൂർ അങ്ങാടിയിൽ ടി വി വെച്ച് കാണിക്കുമെന്നും പി വി അൻവർ പറഞ്ഞു.

അതേസമയം, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പി വി അൻവർ പുതിയ മുന്നണി രൂപീകരിച്ചു. ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’യുടെ ലേബലിലായിരിക്കും അൻവർ മത്സരിക്കുക. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവര്‍ത്തനം.
തൃണമൂല്‍ കോണ്‍ഗ്രസിന് പുറമെയുള്ള വോട്ടുകൾ പാളയത്തിലേക്ക് എത്തിക്കുക ലക്ഷ്യമിട്ട് കൂടിയാണ് മുന്നണി രൂപീകരണം. മുന്നാം മുന്നണി രൂപീകരണം എന്ന വിശാല ലക്ഷ്യം കൂടി മുന്നിൽ കാണുന്നു. നിരവധി ചെറിയ സംഘടനകള്‍ കൂടി മുന്നണിയുടെ ഭാഗമായേക്കും.
