മലപ്പുറം: വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി. മലപ്പുറം തിരൂരില്‍ റോഡിലെ കുഴിയില്‍ വീണ് ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന ആറ് വയസുകാരി തെറിച്ചുവീണു മരിച്ചു. തിരൂര്‍ പുറമണ്ണൂര്‍ സ്വദേശികളായ ബല്‍ക്കീസ് – ഫൈസല്‍ ദമ്പതികളുടെ മകള്‍ ഫൈസയാണ് മരിച്ചത്. പുറമണ്ണൂര്‍ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഫൈസ.
ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ കുഴിയില്‍ വീണതിനെ തുടര്‍ന്ന് സൈഡിലിരുന്ന ആറ് വയസ്സുകാരി തെറിച്ചുവീഴുകയായിരുന്നു.
വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് കുഞ്ഞ് മരിച്ചത്.
ഓട്ടോറിക്ഷ കുഴിയില്‍ വീണപ്പോള്‍ ഫൈസ തെറിച്ചുവീഴുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തിന് പിന്നാലെ കുഴിയുള്ള ഭാഗം മണ്ണും ചരലും ഉപയോഗിച്ച് പിഡബ്ലുഡി മൂടിയതായി നാട്ടുകാര്‍ ആരോപിക്കുന്നു. പ്രദേശത്തെ കുഴി അടയ്ക്കാനായി പലവട്ടം അധകൃതരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറയുന്നു പിഡബ്ലുഡിയുടെ അനാസ്ഥയ്ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
