കേന്ദ്ര സർക്കാരിന്റെ ബജറ്റ് അവതരണം തുടങ്ങി. അതിവേഗ റെയില്‍ ഇടനാഴികളില്‍ കേരളം ഇല്ല, ധാതു ഖനനത്തിന് റെയർ എർത്ത് കോറിഡോർ പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തി. കേരളത്തിന് പുറമേ തമിഴ്നാട്, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് പദ്ധതിയിൽ ഇടം നേടിയിരിക്കുന്നത്.

ആത്മനിർഭർ ഭാരത്തിന് ഊന്നൽ നൽകിയുള്ള ബജറ്റാണിതെന്ന് ആമുഖ പ്രസംഗത്തിൽ നിർമല സീതാരാമൻ പറഞ്ഞു. ഇറക്കുമതി കുറച്ച് ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാനായി കാർഷിക മേഖലയിലും തൊഴിൽ രംഗത്തും കൊണ്ടുവന്ന പരിഷ്കാരങ്ങൾ സാധാരണക്കാർക്ക് ഗുണകരമായി. രാജ്യം ഏഴ് ശതമാനത്തിനടുത്ത് വളർച്ചാ നിരക്ക് നിലനിർത്തുന്നുണ്ടെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനം, ആഭ്യന്തര ഉൽപാദന വർധന തുടങ്ങിയവയ്ക്ക് ബജറ്റിൽ പ്രാധാന്യം ലഭിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ആദായനികുതിയിലെ സ്റ്റാൻഡേഡ് ഡിഡക്ഷൻ പരിധി ഉയർത്തുമോ എന്നതാണ് നികുതിദായകർ ഉറ്റുനോക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് ബജറ്റിൽ വലിയ പരിഗണന ലഭിക്കുമോയെന്നതും ഏവരും ഉറ്റുനോക്കുന്നുണ്ട്. ബജറ്റിൽ പരിഗണിക്കാനായി 29 ആവശ്യങ്ങളടങ്ങിയ കത്ത് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർമല സീതാരാമനു നൽകിയിട്ടുണ്ട്.

