രാജ്യത്തെ നികുതിദായകർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഇനി മുതൽ ഘട്ടംഘട്ടമായി നിശ്ചയിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഇത്തവണയും കേന്ദ്ര ബജറ്റിൽ കേരളത്തിന് പ്രതീക്ഷക്ക് വകയില്ല. സംസ്ഥാനത്തോടുള്ള സമീപനത്തിന് യാതൊരു മാറ്റവും ഇല്ലാതെ കേന്ദ്രം. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ച് കഴിയുമ്പോൾ കേരളത്തിന് നിരാശയാണ് ഫലം. സംസ്ഥാനത്തിന്റെ കാലങ്ങളായുള്ള ആവശ്യമായ എയിംസോ, അതിവേഗ റെയിൽ ഇടനാഴിയോ കേരളത്തിനില്ല. വിഴിഞ്ഞം തുറമുഖത്തിനായുള്ള പദ്ധതികളിലും യാതൊരു പ്രഖ്യാപനവുമുണ്ടായില്ല.
ആകെ പ്രഖ്യാപിച്ചത് കേരളത്തെ ഉൾപ്പെടുത്തിയ ധാതു ഇടനാഴി മാത്രമാണ്. എന്നാൽ, ഇത് സംസ്ഥാനം തന്നെ ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതിയാണ്. കടലാമകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാൻ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പിലാക്കുന്നതാണ് മറ്റൊന്ന്. സംസ്ഥാനം ആവശ്യപ്പെട്ട യാതൊന്നിലും കേന്ദ്രത്തിൽ നിന്നും അനുകൂല സമീപനമുണ്ടായിട്ടില്ല.

ഉൾനാടൻ ജല ഗതാഗതവുമായി ബന്ധപ്പെട്ട പദ്ധതികളിൽ ഏറ്റവും കൂടുതൽ ഉൾനാടൻ ജലപാതകൾ ഉള്ള കേരളത്തിന്റെ പേര് പോലും പരാമർശിക്കപ്പെട്ടിട്ടില്ല. തെരഞ്ഞെടുപ്പായതിനാൽ, എന്തെങ്കിലുമൊക്കെ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചെങ്കിലും ഒന്നും ഉണ്ടായില്ല.

