ശ്രീനഗർ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ട വാർത്തയ്ക്ക് പിന്നാലെ കശ്മീർ താഴ്വരയിൽ കനത്ത പ്രതിഷേധം. അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടതെന്ന വാർത്ത പുറത്തുവന്നതോടെ ഞായറാഴ്ച രാവിലെ മുതൽ ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്.

ശ്രീനഗറിലെ ലാൽ ചൗക്കിൽ ഒത്തുകൂടിയ പ്രതിഷേധക്കാർ അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ മുദ്രാവാക്യങ്ങൾ മുഴക്കി. ഖമനയിയുടെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ടാണ് മിക്കയിടങ്ങളിലും ആളുകൾ ഒത്തുകൂടിയത്. ഷിയാ വിഭാഗത്തിന് വലിയ സ്വാധീനമുള്ള ശ്രീനഗറിലെ പഴയ നഗരപ്രദേശങ്ങളിലും വലിയ തോതിലുള്ള പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ലോകമെമ്പാടുമുള്ള ഷിയാ മുസ്ലിങ്ങളുടെ ആത്മീയ നേതാവ് കൂടിയായിരുന്നു ആയത്തുള്ള അലി ഖമനയി.
ഇറാനിലെ സംഭവവികാസങ്ങളിലും ആയത്തുള്ള അലി ഖമനയിയുടെ മരണത്തിലും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആശങ്ക രേഖപ്പെടുത്തി. മേഖലയിൽ സമാധാനം നിലനിർത്തണമെന്നും അസ്വസ്ഥതകളുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് ജനങ്ങൾ വിട്ടുനിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം എക്സിലൂടെ അറിയിച്ചു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം താഴ്വരയിൽ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നാണ് ഇത്. ക്രമസമാധാന നില തകരാതിരിക്കാൻ പോലീസ് അതീവ ജാഗ്രത പാലിക്കുന്നുണ്ടെങ്കിലും, സംഘർഷം ഒഴിവാക്കാനായി പലയിടങ്ങളിലും പോലീസ് സംയമനം പാലിക്കുകയാണ്.

വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഹൈഗാമിൽ പ്രതിഷേധക്കാർ ശ്രീനഗർ-ബാരാമുള്ള ദേശീയ പാത ഉപരോധിച്ചു. മധ്യ കശ്മീരിലെ ബദ്ഗാം ജില്ലയിലും സമാനമായ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സുന്നി-ഷിയാ വ്യത്യാസമില്ലാതെ ജനങ്ങൾ പ്രതിഷേധത്തിൽ പങ്കുചേരുന്നുണ്ടെന്നാണ് വിവരം. പ്രതിഷേധം അക്രമാസക്തമാകാതിരിക്കാൻ സുരക്ഷാ സേനയും പോലീസും താഴ്വരയിലുടനീളം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
