റായ്പൂര്‍: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിക്കപ്പെട്ട് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ നിരപരാധികളെന്ന് വെളിപ്പെടുത്തല്‍. അറസ്റ്റ് ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് തട്ടിക്കൊണ്ട് പോയെന്ന് ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ ആരോപിച്ച പെണ്‍കുട്ടികള്‍ തന്നെ കന്യാസ്ത്രീകളെ പിന്തുണയ്ച്ച് രംഗത്തെത്തുന്നത്.

കന്യാസ്ത്രീകളെ ജയിലില്‍ നിന്ന് മോചിപ്പിക്കണം, അവര്‍ക്ക് നീതി ലഭിക്കേണ്ടതുണ്ട്. ഞങ്ങളെ ആരും ബലപ്രയോഗിച്ച് കൊണ്ടുപോയില്ല. പ്രലോഭനമോ സമ്മര്‍ദമോ ഉണ്ടായിട്ടില്ല, എന്തെങ്കിലും ജോലി ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് കന്യാസ്ത്രീകള്‍ക്കൊപ്പം തിരിച്ചത്’ എന്ന് യുവതികളിലൊരാളായ കമലേശ്വരി പ്രധാന് (21) പറയുന്നു. മാതാപിതാക്കളുടെ മുന്‍കൂര്‍ സമ്മതം വാങ്ങിയ ശേഷമായിരുന്നു തങ്ങളുടെ യാത്ര. പരിശീലനത്തിനും ജോലിക്കും വേണ്ടിയാണ് താനുള്‍പ്പെടെയുള്ള മൂന്ന് പെണ്‍കുട്ടികള്‍ ആഗ്രയിലേക്ക് പോയതെന്നും ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ജൂലൈ 25 ന്ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച സംഘത്തിലെ അംഗമായിരുന്ന കമലേശ്വരി പ്രധാന് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു. മതംമാറ്റം ഉള്‍പ്പെടെയുള്ള ആരോപണങ്ങളും നിഷേധിച്ച യുവതി താനും കുടുംബവും ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ക്രിസ്തുമതം സ്വീകരിച്ചിരുന്നു എന്നും പ്രതികരിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു കമലേശ്വരി.
റെയില്‍വെ സ്റ്റേഷനില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് ശേഷം തങ്ങള്‍ പൊലീസിന് നല്കി മൊഴിയില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നതായും കമലേശ്വരി പറയുന്നു. തങ്ങള്‍ പറയാത്ത ചിലത് പൊലീസ് രേഖപ്പെടുത്തിയെന്നാണ് കരുതുന്നത്. ബജ്രംഗ്ദള് പ്രവര്‍ത്തകരുടെ താത്പര്യത്തിന് അനുസരിച്ചാണ് മൊഴി രേഖപ്പെടുത്തിയെന്ന് കരുതുന്നതായും പെണ്‍കുട്ടി പ്രതികരിച്ചു.

ജ്യോതി ശര്‍മ ഉള്‍പ്പെടെയുള്ള ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ തങ്ങള്‍ മൂന്നു പേരെയും ഭീഷണിപ്പെടുത്തിയെന്നും കമലേശ്വരി പറഞ്ഞു. തങ്ങളുടെ നിര്‍ദേശം കേട്ടില്ലെങ്കില്‍ ജയിലില്‍ പോകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കമലേശ്വരി പറഞ്ഞു.

അതിനിടെ, കന്യാസ്ത്രീകളോടൊപ്പമുണ്ടായിരുന്ന യുവതികളില്‍ ഒരാള്‍ ദുര്‍ഗ് റെയില്‍വേ പ്ലാറ്റ്ഫോമില്‍ വീട്ടിലേക്ക് മടങ്ങണം എന്നാവശ്യപ്പെട്ട് കരയുന്നത് കണ്ടതിനെ തുടര്‍ന്നാണ് ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ ഇടപെട്ടതെന്ന് ഛത്തീസ്ഗഢ് വിഎച്ച്പി നേതാവും മുന്‍ ബജ്രംഗ്ദള് സംസ്ഥാന തലവനുമായ ഘനശ്യാം ചൗധരി പറഞ്ഞു. ജ്യോതി ശര്‍മ്മ ബജ്രംഗ്ദളിന്റെ ഭാഗമല്ലെന്നും അദ്ദേഹം ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു. സംഘടനയുടെ സാമൂഹ്യ സേവനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ജ്യോതി ശര്‍മ. അവര്‍ക്ക് സംഘടനയുമായി നേരിട്ട് ബന്ധമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ബസ്തര്‍ മേഖലയില്‍ ആദിവാസികള്‍ക്കിടയില്‍ മതപരിവര്‍ത്തനം വര്‍ധിച്ചുവരുന്നതായും ഘനശ്യാം ചൗധരി ആരോപിച്ചു. കമലേശ്വരിയുടെ കുടുംബം വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു ചൗധരി.
മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളുടെ പേരില്‍ സുക്മാന്‍ മാണ്ഡവി, സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച റെയില്‍വേ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ബജ്രംഗ്ദള് പ്രവര്‍ത്തകരുടെ രേഖാമൂലമുള്ള പരാതിയെ തുടര്‍ന്ന് പിന്നീട് ഗുരുതര വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി കേസെടുക്കുകയായിരുന്നു. മൂന്ന് ആദിവാസി പെണ്‍കുട്ടികളോടൊപ്പം ആഗ്രയിലേക്ക് പോകുന്നതിനിടെയാണ് ദുര്‍ഗ് സ്റ്റേഷനില്‍ വെച്ച് ഇവര്‍ പിടിയിലായത്.
കേസില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് മജിസ്ട്രേറ്റ് കോടതിയും സെഷന്‍സ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയും ജാമ്യം നിഷേധിക്കുകയും ചെയ്തതോടെ ഒരാഴ്ചയായി ഇവര്‍ ജയിലിലാണ്.
