അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കാസിബുഗ്ഗയിലുള്ള വെങ്കിടേശ്വര ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ഒമ്പത് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. നിരവധി പേർക്ക് പരുക്കേറ്റു. ഏകാദശി ഉത്സവത്തിനിടെ ഇന്നു രാവിലെയായിരുന്നു അപകടം.

“ഈ ദാരുണമായ സംഭവത്തിൽ ഭക്തരുടെ മരണം അങ്ങേയറ്റം ഹൃദയഭേദകമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവർക്ക് വേഗത്തിലും ശരിയായ ചികിത്സ നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. സംഭവസ്ഥലം സന്ദർശിക്കാനും ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കാനും പ്രാദേശിക ഉദ്യോഗസ്ഥരോടും പൊതുജന പ്രതിനിധികളോടും അഭ്യർത്ഥിച്ചിട്ടുണ്ട്,” മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.
സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. 12 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കാസിബ്ബുഗ്ഗ വെങ്കിടേശ്വര ക്ഷേത്രദർശനത്തിന് ദൂരെ നിന്ന് പോലും ഭക്തർ എത്താറുണ്ട്. ശനിയാഴ്ചകളിൽ ക്ഷേത്രദർശനത്തിന് വൻ തിരക്ക് അനുഭവപ്പെടാറുണ്ട്.

ഈ വർഷം സംസ്ഥാനത്ത് ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണിത്. ഏപ്രിൽ 30 ന് വിശാഖപട്ടണത്തെ സിംഹാചലം ക്ഷേത്രത്തിലെ ശ്രീ വരാഹ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ മതിൽ തകർന്ന് ഏഴ് പേർ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ജനുവരി 8 ന് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രത്യേക ദർശനത്തിനുള്ള ടിക്കറ്റ് വിതരണ കൗണ്ടറിൽ ഉണ്ടായ തിക്കിലും തിരക്കിലും ആറ് പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

