‘ആർജെഡി-കോൺഗ്രസ് വേദിയിൽ അമ്മയെ അപമാനിച്ചത് രാജ്യത്തെ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യം’: ഇന്ത്യാ മുന്നണിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലാത്ത തന്റെ അമ്മയെ എന്തിന് ഈ തർക്കങ്ങളിലേക്ക് വലിച്ചിഴച്ചുവെന്നും അദ്ദേഹം ചോദിച്ചു
അന്തരിച്ച തന്റെ അമ്മയെ ബിഹാറിലെ ആർജെഡി – കോൺഗ്രസ് വേദിയിൽ വെച്ച് അധിക്ഷേപിച്ച ഇന്ത്യാ മുന്നണിയുടെ നടപടി രാജ്യത്തെ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അമ്മ നമ്മുടെ ലോകമാണ്. അമ്മ നമ്മുടെ ആത്മാഭിമാനമാണ്. പാരമ്പര്യസമ്പന്നമായ ഈ ബിഹാറിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടന്നത് ഞാൻ ചിന്തിച്ചതേയില്ല. ആർജെഡി-കോൺഗ്രസ് വേദിയിൽ വെച്ച് എൻ്റെ അമ്മയെ അധിക്ഷേപിച്ചു,” പ്രധാനമന്ത്രി പറഞ്ഞു. “ഈ അധിക്ഷേപങ്ങൾ എൻ്റെ അമ്മയെ മാത്രമുള്ള അപമാനമല്ല.
രാജ്യത്തെ എല്ലാ അമ്മമാരെയും സഹോദരിമാരെയും പെൺമക്കളെയും അപമാനിക്കുന്നതിന് തുല്യമാണിത്. ഇത് കണ്ടപ്പോൾ ബിഹാറിലെ എല്ലാ അമ്മമാർക്കും എത്രമാത്രം വിഷമം തോന്നിയെന്ന് എനിക്കറിയാം. എൻ്റെ ഹൃദയത്തിൽ എത്ര വേദനയുണ്ടോ അത്രതന്നെ വേദന ബിഹാറിലെ ജനങ്ങൾക്കും ഉണ്ടെന്ന് എനിക്കറിയാം,” മോദി കൂട്ടിച്ചേർത്തു.

ഗ്രാമീണ മേഖലയിലെ സ്ത്രീകളെ സ്വയംസഹായ സംഘങ്ങളുമായി ബന്ധിപ്പിച്ച് സംരംഭകത്വ കഴിവുകൾ വളർത്തുന്നതിനായി ബിഹാറിൽ ഒരു പുതിയ സഹകരണ സംരംഭത്തിന് തുടക്കം കുറിക്കുന്ന പരിപാടിക്കിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

