ഹൈദരബാദ്: സൈനികസേവനങ്ങൾക്ക് കരുത്തുപകരുന്ന ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് 03 (ജിസാറ്റ് 7 ആർ) വിക്ഷേപണം ഇന്ന്. വൈകിട്ട് 5.26ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്നാണ് വിക്ഷേപണം. എൽവിഎം 3 റോക്കറ്റ് ഉപയോഗിച്ചാണ് ഭ്രമണപഥത്തിലെത്തിക്കുന്നത്.

മൾട്ടി-ബാൻഡ് വാർത്താവിനിമയ ഉപഗ്രഹമാണ് സി എം എസ് -03 അഥവാ ജിസാറ്റ് 7ആർ. 4410 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഇന്ത്യയിൽ നിന്നും വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹമാണ്. ജിസാറ്റ് 7 അഥവാ രുഗ്മിണി ഉപഗ്രഹത്തിന് പകരമായാണ് സി എം എസ് -03 വിക്ഷേപിക്കുന്നത്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ വിവരങ്ങൾ ഐഎസ്ആർഒ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.
നാവികസേനയുടെ കപ്പലുകൾ, അന്തർവാഹിനികൾ, വിമാനങ്ങൾ, കരയിലെ കമാൻഡ് സെന്ററുകൾ എന്നിവ തമ്മിൽ തത്സമയവും സുരക്ഷിതവുമായ ആശയവിനിമയ ലിങ്കുകൾ സ്ഥാപിക്കാൻ ഈ ഉപഗ്രഹം സഹായിക്കും. 2025ലെ ഐഎസ്ആർഒയുടെ നാലാമത്തെ വിക്ഷേപണ ദൗത്യമാണ് എൽവിഎം3 എം5.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ ഉപഗ്രഹത്തിന്റെ ചിത്രങ്ങളോ, കൂടുതൽ വിശദാംശങ്ങളോ ഐഎസ്ആർഒ ഇക്കുറി പുറത്തുവിട്ടിട്ടില്ല. അമേരിക്കയും ചൈനയും സമാന നിലപാട് മുമ്പേ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഐഎസ്ആർഒ ഒരു വിക്ഷേപണം ഇത്രയും രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുന്നത് ഇതാദ്യമായാണ്.2025ലെ ഐഎസ്ആർഒയുടെ നാലാമത്തെ വിക്ഷേപണ ദൗത്യമാണിത്.

