ന്യൂഡൽഹി: ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യം വിട്ടു പോകാമെന്ന് വാട്സ് ആപ്പിനോടും അതിന്റെ മാതൃസ്ഥാപനമായ മെറ്റയോടും സുപ്രീം കോടതി. വാണിജ്യ ആവശ്യങ്ങൾക്കായി വ്യക്തിവിവരങ്ങൾ പങ്കുവെയ്ക്കുന്നത് അനുവദിക്കാനാകില്ല. ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

മെറ്റയുടെ ഡേറ്റാ സ്വകാര്യതയുമായി ബന്ധപ്പെട്ട നയങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. വാട്സ് ആപ്പിന്റെ 2021 ലെ സ്വകാര്യത നിയമവും ആയി ബന്ധപ്പെട്ട കേസിൽ 213.14 കോടി രൂപ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ പിഴ വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത മെറ്റയും, വാട്സാപ്പും നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.
ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഉള്ള നിയമങ്ങൾ പാലിക്കണം. രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വെച്ച് കളിക്കാന്‍ അനുവദിക്കില്ല. ഡേറ്റയില്‍നിന്ന് ഒരു അക്കം പോലും പങ്കിടാന്‍ അനുവദിക്കില്ല. ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ മെറ്റ തയാറാകണം. അതിന് കഴിയില്ലെങ്കില്‍ കമ്പനിക്ക് ഇന്ത്യ വിട്ടുപോകാം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.

വാട്സ് ആപ്പിന്റെ സ്വകാര്യതാ നയങ്ങളിലെ മാറ്റങ്ങളും ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്സ്ബുക്ക് പോലുള്ള മറ്റ് മെറ്റാ പ്ലാറ്റ്ഫോമുകളുമായി പങ്കിടാനുള്ള നീക്കവുമാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്. ഡാറ്റ ഷെയറിങ് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസിൽ ഫെബ്രുവരി 10 ന് കോടതി ഉത്തരവ് പുറപ്പെടുവിക്കും.

