ന്യൂഡൽഹി: സ്മാർട്ട്ഫോണുകളിൽ സഞ്ചാർ സാഥി ആപ്ലിക്കേഷൻ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുന്നത് നിർബന്ധമാക്കിയ ഉത്തരവിൽ ഭേദഗതി വരുത്താൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ. സ്വകാര്യത, നിരീക്ഷണം എന്നിവ സംബന്ധിച്ച ആശങ്കകളെത്തുടർന്ന് വിവിധ കോണുകളിൽ നിന്ന് ശക്തമായ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണിത്.

ഉപയോക്താക്കൾ, പ്രതിപക്ഷ നേതാക്കൾ, സിവിൽ സമൂഹം, മൊബൈൽ കമ്പനികൾ എന്നിവർ ഉത്തരവിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം.
വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ, ലഭിക്കുന്ന അഭിപ്രായങ്ങൾക്കനുസരിച്ച് ഉത്തരവിൽ മാറ്റം വരുത്താൻ തയ്യാറാണെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പാർലമെന്റിൽ വ്യക്തമാക്കി.

“നമുക്ക് ലഭിക്കുന്ന പ്രതികരണങ്ങളെ അടിസ്ഥാനമാക്കി ഉത്തരവിൽ ഒരു മാറ്റം വരുത്തണമെങ്കിൽ സർക്കാർ അതിന് തയ്യാറാണ്.- മന്ത്രി വ്യക്തമാക്കി. ആപ്പിനെപ്പറ്റിയുള്ള ആശങ്കകൾ തള്ളിക്കളഞ്ഞ മന്ത്രി ചാരപ്രവർത്തി സാധ്യമല്ല, അത് ചെയ്യില്ലെന്നും ഉറപ്പ് നൽകി.

