ഭുവനേശ്വർ: ഒഡീഷയിലെ ധെൻകനാൽ ജില്ലയിലുള്ള കരിങ്കൽ ക്വാറിയിൽ പാറയിടിഞ്ഞു വീണ് വൻ അപകടം. ശനിയാഴ്ച നടന്ന അപകടത്തിൽ നിരവധി തൊഴിലാളികൾ മരിച്ചതായാണ് പ്രാഥമിക വിവരം. നിരവധി പേർ ഇപ്പോഴും പാറക്കൂട്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ധെൻകനാൽ ജില്ലയിലെ മോട്ടംഗ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗോപാൽപൂർ ഗ്രാമത്തിന് സമീപത്തെ ക്വാറിയിലാണ് അപകടമുണ്ടായത്. തൊഴിലാളികൾ ഡ്രില്ലിംഗിലും ഖനന പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കെയാണ് വലിയൊരു ഭാഗം പാറ ഇടിഞ്ഞു വീണത്. അപകടസമയത്ത് എത്ര തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു എന്ന കാര്യത്തിൽ ഇതുവരെ കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ല.
അപകടവിവരമറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്സ് സംഘവും ഒഡീഷ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ജെ.സി.ബി ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികളും ഡോഗ് സ്ക്വാഡും സ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട്. ധെൻകനാൽ ജില്ലാ കളക്ടർ ആശിഷ് ഈശ്വർ പാട്ടീലും എസ്.പി അഭിനവ് സോങ്കറും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാ പ്രവർത്തനം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തിൽ പ്രതിപക്ഷ നേതാവ് നവീൻ പട്നായിക് ഖേദം രേഖപ്പെടുത്തി. ‘ധെൻകനാലിലെ കരിങ്കൽ ക്വാറിയിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് പാറയിടിഞ്ഞ് തൊഴിലാളികൾ മരിക്കാനിടയായ വാർത്ത അതീവ ദുഃഖകരമാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു,’ എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ക്വാറിയിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഖനനത്തിനായി നടത്തിയ സ്ഫോടനമാണോ പാറയിടിച്ചിലിന് കാരണമായതെന്ന് അധികൃതർ പരിശോധിച്ചു വരികയാണ്. കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.
