ലഖ്നൗ: 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ അതീവ ഗൗരവത്തോടെയും പൂർണ്ണ ശക്തിയോടെയും മുന്നോട്ട് പോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരണാസിയിൽ 72-ാമത് ദേശീയ വോളിബോൾ ടൂർണമെന്റ് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നതിന് ആവശ്യമായ ലോകോത്തര നിലവാരത്തിലുള്ള ഇൻഫ്രാസ്ട്രക്ചർ, പരിശീലന കേന്ദ്രങ്ങൾ, മറ്റ് സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിൽ സർക്കാർ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്. രാജ്യത്തെ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ഖേലോ ഇന്ത്യ പോലുള്ള പദ്ധതികൾ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പുകളാണെന്നും മോദി ചൂണ്ടിക്കാട്ടി. നൂറുകണക്കിന് യുവാക്കൾക്ക് ദേശീയ തലത്തിലേക്ക് ഉയരാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
“2030 ലെ കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ നടക്കാൻ പോകുന്നു. 2036 ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയും പൂർണ്ണ ശക്തിയോടെ തയ്യാറെടുക്കുകയാണ്. കൂടുതൽ കായികതാരങ്ങൾക്ക് മത്സരിക്കാൻ അവസരം നൽകുക എന്നതാണ് ലക്ഷ്യം,” പ്രധാനമന്ത്രി പറഞ്ഞു.

ഗവൺമെന്റ് കായിക മേഖലയിൽ ബജറ്റ് ഗണ്യമായി വർദ്ധിപ്പിച്ചുവെന്നും, ഇന്ന് ഇന്ത്യയുടെ കായിക മാതൃക അത്ലറ്റുകളെ കേന്ദ്രീകരിച്ചുള്ളതായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഭകളെ തിരിച്ചറിയൽ, ശാസ്ത്രീയ പരിശീലനം, അവരുടെ പോഷകാഹാരത്തിലെ ശ്രദ്ധ, സുതാര്യമായ തിരഞ്ഞെടുപ്പ്, കൂടാതെ കളിക്കാരുടെ താൽപ്പര്യങ്ങൾ ഇപ്പോൾ എല്ലാ തലങ്ങളിലും പരമപ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

