മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ ഉരസി അപകടം. അപകടത്തിൽ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. അപകടത്തെത്തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണത്തിന് ഉത്തരവിട്ടു.

മുംബൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്ന എയർ ഇന്ത്യ വിമാനവും, ഹൈദരാബാദിൽ നിന്ന് ലാൻഡ് ചെയ്ത ശേഷം പാർക്കിങ് ബേയിലേക്ക് നീങ്ങുകയായിരുന്ന ഇൻഡിഗോ വിമാനവുമാണ് അപകടത്തിൽപ്പെട്ടത്. ടാക്സിവേയിലൂടെ സാവധാനം നീങ്ങുന്നതിനിടെ ഇരു വിമാനങ്ങളുടെയും വലതുവശത്തെ ചിറകുകളുടെ അറ്റങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടസമയത്ത് രണ്ട് വിമാനങ്ങളിലും യാത്രക്കാരുണ്ടായിരുന്നുവെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ പുറത്തിറക്കി. ഇവർക്കായി മറ്റൊരു വിമാനം അധികൃതർ ഏർപ്പെടുത്തി. ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരും സുരക്ഷിതമായി പുറത്തിറങ്ങി.

സംഭവസ്ഥലത്തെത്തിയ ഡിജിസിഎ ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധനകൾ നടത്തി. പൈലറ്റുമാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണോ അതോ എയർ ട്രാഫിക് കൺട്രോളിന്റെ നിർദ്ദേശങ്ങളിൽ വന്ന പാളിച്ചയാണോ അപകടകാരണമെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.

