ഗാസിയാബാദ്: ഓൺലൈൻ ഗെയിമിന് മാതാപിതാക്കൾ നിയന്ത്രണം ഏർപ്പെടുത്തിയതിൽ മനംനൊന്ത് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മൂന്ന് പ്രായപൂർത്തിയാകാത്ത സഹോദരിമാർ ആത്മഹത്യ ചെയ്തു. ബുധനാഴ്ച പുലർച്ചെ ഗാസിയാബാദിലെ ഒരു പാർപ്പിട സമുച്ചയത്തിന്റെ ഒൻപതാം നിലയിൽ നിന്ന് ചാടിയാണ് മൂവരും ജീവനൊടുക്കിയത്.

പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 12, 14, 16 വയസുള്ള പെൺകുട്ടികളാണ് മരിച്ചത്. ഓൺലൈൻ ടാസ്ക് ഗെയിമുകൾക്ക് കുട്ടികൾ അമിതമായി അടിമപ്പെട്ടതിനെച്ചൊല്ലി വീട്ടിലുണ്ടായ തർക്കമാണ് മരണത്തിന് കാരണമായതെന്ന് പോലീസ് സംശയിക്കുന്നു.
ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെ വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ താമസക്കാരാണ് കുട്ടികളെ കെട്ടിടത്തിന് താഴെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയും കുട്ടികളെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും മൂവരും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

പുലർച്ചെ 2.15 ഓടെയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് ശാലിമാർ ഗാർഡൻ എ.സി.പി അതുൽ കുമാർ സിങ് പറഞ്ഞു. “കഴിഞ്ഞ കുറച്ച് വർഷങ്ങളായി പെൺകുട്ടികൾ ഗെയിമുകൾ കളിക്കാറുണ്ടായിരുന്നുവെന്നും ഇതുമൂലം സ്കൂളിൽ പോകുന്നത് പതിവായി മുടങ്ങിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. കുട്ടികളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചുവരികയാണ്. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാകും,” ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
