ന്യൂഡല്‍ഹി: 2020 ലെ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത രാഹുല്‍ ഗാന്ധി മുന്‍ കരസേനാ മേധാവി ജനറല്‍ എം എം നരവനെയുടെ പുസ്തകം ഉയര്‍ത്തിക്കാട്ടിയാണ് ആരോപണങ്ങള്‍ ആവര്‍ത്തിച്ചത്. പ്രസിദ്ധീകരിക്കാത്ത പുസ്തകമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്ന ആ പുസ്തകം ഇതാ, ‘പുസ്തകം’ നിലവിലുണ്ടെന്ന് ഇന്ത്യയിലെ യുവാക്കള്‍ അറിയണമെന്നും രാഹുല്‍ പ്രതികരിച്ചു.

‘ഈ പുസ്തകം നിലവിലില്ലെന്ന് സ്പീക്കര്‍ പറഞ്ഞിട്ടുണ്ട്, സര്‍ക്കാരും ഇതാവര്‍ത്തിക്കുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഈ പുസ്തകം നിലവിലില്ലെന്ന് പറഞ്ഞു. എന്നാല്‍ ഈ പുസ്തകത്തിന്റെ ഉള്ളടക്കം രാജ്യത്തെ യുവാക്കള്‍ അറിയണം. ലോക്സഭയില്‍ ഈ ‘ഓര്‍മ്മക്കുറിപ്പ്’ പരാമര്‍ശിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്. അതിനാലാണ് ഇവിടെ പറയുന്നത്. ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ പ്രധാനമന്ത്രി പറഞ്ഞത് നിങ്ങള്‍ക്ക് ഉചിതമായത് ചെയ്യു എന്നാണ്. ഇതിനര്‍ത്ഥം പ്രധാനമന്ത്രി തന്റെ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നാണ്. രാഹുല്‍ ഗാന്ധി ആരോപിച്ചു.
കരസേനാ മേധാവി ജനറല്‍ നരവാനെ രാജ്നാഥ് സിങ്ങിനെ വിളിച്ച് ‘ചൈനീസ് ടാങ്കുകള്‍ വന്നിരിക്കുന്നു, നമ്മള് എന്തുചെയ്യണം? എന്ന് ചോദിച്ചു. രാജ്നാഥ് സിങ് അദ്ദേഹത്തിന് മറുപടി നല്‍കിയില്ല. പിന്നീട് എസ് ജയ്ശങ്കര്, എന്‍എസ്എ അജിത്ത് ഡോവല്‍ എന്നിവരെ വിളിച്ചു, മറുപടി ലഭിച്ചില്ല. വീണ്ടും രാജ്നാഥ് സിങിനെ വിളിച്ചു, ‘ഞാന്‍ മുകളിലുള്ളവരോട് ചോദിക്കട്ടെ എന്നായിരുന്നു പിന്നീട് അറിയിച്ചത്.

അനുവാദമില്ലാതെ നിങ്ങള്‍ ചൈനീസ് സൈന്യത്തിന് എതിരെ വെടിവയ്ക്കരുത്’ എന്ന് നിര്‍ദേശമുണ്ടായിരുന്നു. നമ്മുടെ പ്രദേശത്തേക്ക് കടന്നുകയറിയ ചൈനീസ് സൈന്യത്തിന് നേരെ വെടിവയ്ക്കാന്‍ നരവാനെയും സൈന്യവും ആഗ്രഹിച്ചിരുന്നു.എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ താന്‍ തനിച്ചായിരുന്നു എന്നും, സര്‍ക്കാരും സംവിധാനങ്ങളും സൈന്യത്തെ കൈവിട്ടെന്നും കരസേനാ മേധാവി പുസ്തകത്തില്‍ പറയുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

