കൊൽക്കത്ത: ബംഗാൾ യുവ ക്രിക്കറ്റ് താരം ജമ്മിലെ പരിശീലനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. 22 വയസുള്ള പ്രിയജിത്ത് ഘോഷിനാണ് മരണം സംഭവിച്ചത്.

വ്യായാമം ചെയ്യുന്നതിനിടെ താരത്തിനു ഹൃദയാഘാതമുണ്ടായി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബംഗാളിലെ ജില്ലാതല ടൂർണമെന്റുകളിൽ തിളങ്ങിയ പ്രിയജിത്ത് ബംഗാൾ രഞ്ജി ടീമിലേക്കുള്ള വിളി കാത്തു നിൽക്കുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം.
2018-19ൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ അണ്ടർ 16 ടൂർണമെന്റിൽ ടോപ് സ്കോററായാണ് താരം ശ്രദ്ധേയനായത്. ബംഗാളിലെ ഭോൽപുരി സ്വദേശിയാണ്. നാട്ടിലെ ജിമ്മിൽ പരിശീലിക്കുന്നതിനിടെ പ്രിയജിത്തിനു ശരീരിക അസ്വസ്ഥകൾ ഉണ്ടായി. പിന്നാലെ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിനു മുന്നോടിയായുള്ള കഠിന പരിശീലനത്തിനിടെയായിരുന്നു താരം.

യുവ താരത്തിന്റെ അകാല വിയോഗത്തിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ അനുശോചിച്ചു. പ്രയാസമേറിയ ഈ ഘട്ടത്തിൽ പ്രിയജിത്തിന്റെ കുടുംബത്തിനൊപ്പം നിൽക്കേണ്ട സമയമാണെന്നു ബംഗാൾ പ്രോ ടി20 ലീഗ് എക്സിൽ കുറിച്ചു.

