ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ സ്റ്റേഷന് സമീപം പാസഞ്ചര്‍ ട്രെയിന്‍ ഗുഡ്സ് തീവണ്ടിയിലിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ എട്ടായി. സംഭവത്തില്‍ 14 പേര്‍ക്ക് പരിക്കുണ്ട്. കൂട്ടിയിടിയില്‍ ഇരു ട്രെയിനുകളും തകരുകയും കോച്ചുകള്‍ പാളം തെറ്റുകയുമായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം.

കോര്‍ബ ജില്ലയിലെ ഗെവ്രയില്‍ നിന്ന് ബിലാസ്പൂരിലേക്ക് പോവുകയായിരുന്ന മെമു (മെയിന്‍ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്) പാസഞ്ചര്‍ ട്രെയിന്‍ ഗട്ടോറ, ബിലാസ്പൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ അതേ ദിശയില്‍ എത്തിയ ഗുഡ്സ് ട്രെയിനില്‍ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ദുരന്തത്തില്‍ മുഖ്യമന്ത്രി വിഷ്ണു ദേവ് സായി അനുശോചനം രേഖപ്പെടുത്തി.

‘ബിലാസ്പൂരില്‍ ട്രെയിന്‍ അപകടമുണ്ടായെന്ന വാര്‍ത്ത അത്യന്തം ദുഃഖകരമാണ്. ബിലാസ്പൂര്‍ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ സഹായവും ദുരിതാശ്വാസവും നല്കാന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ദുഷ്കരമായ സമയത്ത് സംസ്ഥാന സര്‍ക്കാര്‍ ദുരിതബാധിതരായ കുടുംബങ്ങളോടൊപ്പമുണ്ട്’ – ഛത്തീസ്ഗഡ് മുഖ്യമന്ത്രി എക്സില്‍ കുറിച്ചു.

