ന്യൂഡൽഹി: യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി. ഇന്നലെ മാത്രം 550 സര്‍വീസുകളാണ് റദ്ദാക്കിയത്. വിഷയം കമ്പനി കൈകാര്യം ചെയ്യുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത അതൃപ്തി അറിയിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി കെ രാം മോഹന്‍ നായിഡു, ഇന്‍ഡിഗോ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. കമ്പനിയുടെ 20 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്.

രാജ്യത്തെ വിമാന സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ട പശ്ചാത്തലത്തിൽ, ഫെബ്രുവരി 10-ഓടെ സർവീസുകൾ പൂർണമായും സാധാരണ നിലയിലാകുമെന്ന് ഇൻഡിഗോ എയർലൈൻസ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിനെ (ഡിജിസിഎ) അറിയിച്ചു. പൈലറ്റുമാരുടെ ജോലി സമയം സംബന്ധിച്ച പുതിയ എഫ്ഡിടിഎൽ ചട്ടങ്ങളിൽ ഫെബ്രുവരി 10 വരെ താത്കാലിക ഇളവ് അനുവദിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇൻഡിഗോയുടെ നൂറുകണക്കിന് വിമാനങ്ങളാണ് റദ്ദാക്കിക്കൊണ്ടിരിക്കുന്നത്. പ്രതിസന്ധി ലഘൂകരിക്കുന്നതിനായി തിങ്കളാഴ്ച മുതൽ സർവീസുകൾ വെട്ടിച്ചുരുക്കാൻ തീരുമാനിച്ചതായും കമ്പനി ഡിജിസിഎയെ അറിയിച്ചു. അടുത്ത രണ്ടുമൂന്ന് ദിവസങ്ങളിൽ കൂടി കൂടുതൽ വിമാനങ്ങൾ റദ്ദാക്കപ്പെട്ടേക്കാം.

പുതിയ എഫ്ഡിടിഎൽ ചട്ടങ്ങൾ നടപ്പിലാക്കുമ്പോൾ ആവശ്യമായി വരുന്ന ഫ്ലൈറ്റ് ക്രൂവിന്റെ (ജീവനക്കാരുടെ) എണ്ണം കണക്കാക്കുന്നതിൽ പിഴവ് പറ്റിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.

