ന്യൂഡൽഹി: ആഗോള വെല്ലുവിളികൾക്കിടയിൽ ഇന്ത്യ ലോകത്തിന് ഒരു പ്രത്യാശയുടെ കിരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് രാജ്യസഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. എന്നാൽ, പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി സഭയുടെ നടുത്തളത്തിലിറങ്ങുകയും പിന്നീട് കൂട്ടത്തോടെ ഇറങ്ങിപ്പോവുകയും ചെയ്തു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം പാദം ‘വികസിത് ഭാരത’ത്തിന്റെ (വികസിത ഇന്ത്യ) അടിത്തറ പാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യസമയത്ത് ലോകത്തെ ആറാമത്തെ വലിയ സമ്പദ്വ്യവസ്ഥയായിരുന്ന ഇന്ത്യയെ മുൻ സർക്കാരുകൾ പതിനൊന്നാം സ്ഥാനത്തേക്ക് എത്തിച്ചുവെന്നും എന്നാൽ ഇപ്പോൾ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പ്രായം കണക്കിലെടുത്ത്, മുദ്രാവാക്യം വിളിക്കുന്നതിന് മുൻപ് അദ്ദേഹം ഇരിക്കണമെന്ന് പ്രധാനമന്ത്രി പരിഹസിച്ചു.

