ബെംഗളൂരു: കര്‍ണാടകയില്‍ 16 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ച് സര്‍ക്കാര്‍. വര്‍ധിച്ച് വരുന്ന മൊബൈൽ ഫോണുകളുടെ ഉപയോഗം കുട്ടികളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് തടയിടാനാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടി കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ ബജറ്റ് സമ്മേളനത്തിനിടെയാണ് പ്രഖ്യാപനം.

കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ കേൾക്കാൻ മൊബൈൽ ഫോൺ നൽകിയാൽ അവർ സോഷ്യൽ മീഡിയ ഉപയോഗിക്കും. കുട്ടികൾ സ്വന്തമായി സോഷ്യൽ മീഡിയയിൽ ലോഗിൻ ചെയ്യാറുണ്ടായിരുന്നു. എന്നിരുന്നാല്‍ ഇപ്പോൾ 16 വയസിന് താഴെയുള്ള കുട്ടികൾ ലോഗിൻ ചെയ്യുന്നതിന് മുമ്പ് അവരുടെ പ്രായം പരിശോധിക്കേണ്ടത് നിർബന്ധമാക്കിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുവാക്കളില്‍ സോഷ്യല്‍ മീഡിയയുടെ ഉപഭോഗം ദിനം പ്രതി വര്‍ധിച്ച് വരികയാണെന്നും അതുകൊണ്ട് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ ശരിയായ ഉപയോഗം ഉറപ്പാക്കേണ്ടതുണ്ടെന്നും നേരത്തെ കർണാടക ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ബയോടെക്നോളജി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയ്ക്ക് തടയിടാനായി ചില നടപടികൾ കൊണ്ടുവരുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണിപ്പോള്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം ഉണ്ടായത്. ‘ഇത് ഗുരുതരമായ ഒരു പ്രശ്നമാണ്. ഫിൻലാൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ സമാന നടപടി സ്വീകരിച്ചിട്ടുണ്ട്. യുകെയിലും സമാനമായ നടപടിയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു’.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉപയോഗത്തിന് പ്രായപരിധി നിശ്ചയിക്കുന്നതിനെക്കുറിച്ച് ഇന്ത്യ ചർച്ച ചെയ്യുമെന്ന് നേരത്തെ ഐടി മന്ത്രി അശ്വിനി വൈഷ്ണവും പറഞ്ഞിരുന്നു. ഓസ്ട്രേലിയ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ വിദ്യാര്‍ഥികളെ വിലക്കിയതിന് പിന്നാലെയാണ് ഇന്ത്യയിലും ഇത്തരം നടപടികളുണ്ടാകുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞത്. ഡീപ്ഫേക്ക് വീഡിയോകളും ഫോട്ടോകളും ചിത്രീകരിക്കുന്നതിനെതിരെ ശക്തമായ നിയമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ എഐ ഇംപാക്റ്റ് ഉച്ചകോടിയില്‍ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

