ഡൽഹി: ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിക്കു നേരെ കോടതി മുറിക്കുള്ളിൽ ഷൂ എറിഞ്ഞതായി പരാതി. ഇന്നു രാവിലെ കോടതിയിൽ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് ചീഫ് ജസ്റ്റിസിനുനേരെ അതിക്രമ ശ്രമം ഉണ്ടായത്. ഷൂ എറിഞ്ഞ അഭിഭാഷകനെ സുരക്ഷാജീവനക്കാര്‍ ചേര്‍ന്ന് പുറത്താക്കി.

രാകേഷ് കിഷോർ എന്ന 71 കാരനായ അഭിഭാഷകനാണ് ഷൂ എറിഞ്ഞതെന്ന് ഡൽഹി പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രത്തിൽ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലെ ചീഫ് ജസ്റ്റിസിന്റെ പരാമർശങ്ങളിൽ അഭിഭാഷകന് അതൃപ്തിയുണ്ടായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. സനാതനധർമത്തിനെതിരെ ചീഫ് ജസ്റ്റിസ് പ്രവർത്തിക്കുന്നു എന്ന് അഭിഭാഷകൻ ആരോപിച്ചു. ഇതേ തുടർന്നാണ് ഷൂസ് എറിഞ്ഞതെന്നാണ് വിവരം.
സുരക്ഷാ ഉദ്യോഗസ്ഥർ അഭിഭാഷകനെ പിടികൂടി സുപ്രീം കോടതിയുടെ സുരക്ഷാ വിഭാഗത്തിന് കൈമാറുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മയൂർ വിഹാർ സ്വദേശിയാണ് പ്രതിയായ അഭിഭാഷകൻ. സുപ്രീം കോടതി ബാർ അസോസിയേഷന്റെ രജിസ്റ്റർ ചെയ്ത അംഗവുമാണെന്ന് പൊലീസ് പറഞ്ഞു.

കോടതിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ‘സനാതന ധര്‍മ്മത്തിനു നേരെയുള്ള അപമാനം ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്ന്’ പ്രതി മുദ്രാവാക്യം മുഴക്കി. നാടകീയ സംഭവങ്ങളെ തുടർന്ന് കോടതി നടപടികൾ തടസപ്പെട്ടെങ്കിലും കുറച്ചു നേരത്തിനുള്ളിൽ തുടര്‍ന്നു.

