പട്ന: വാശിയേറിയ പ്രചാരണങ്ങൾക്ക് പിന്നാലെ രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണായകമായ ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി. 18 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളിലേക്ക് രാവിലെ 7 മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു.

ആദ്യ ഘട്ടത്തിൽ 1,314 സ്ഥാനാർഥികളുടെ വിധി നിർണയിക്കുന്നത് 3.75 കോടി വോട്ടർമാരാണ്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവും ബിജെപിയും ഉൾപ്പെട്ട എൻഡിഎയും തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ആർജെഡിയും കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും അടങ്ങുന്ന ഇന്ത്യാ സഖ്യവും തമ്മിലാണ് പോരാട്ടം.
ആകെയുള്ള 243 മണ്ഡലങ്ങളിലേക്ക് രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്. തേജസ്വി യാദവ് , സഹോദരൻ തേജ് പ്രതാപ് യാദവ്, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ, അനന്ത് സിങ് എന്നിവർ ഇന്ന് മത്സരരംഗത്തുണ്ട്. സർക്കാരിലെ 16 മന്ത്രിമാരുടെ രാഷ്ട്രീയ ഭാവിയും ഈ ഘട്ടത്തിൽ തീരുമാനിക്കും. 3.75 കോടി വോട്ടർമാർക്കായി 45,341 പോളിങ് സ്റ്റേഷനുകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ സജ്ജമാക്കിയിട്ടുണ്ട്, അതിൽ 10.72 ലക്ഷം പേർ പുതിയ വോട്ടർമാരാണ്. എസ്ഐആർ പ്രകാരം ഏകദേശം മൂന്ന് കോടി ആളുകളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

അതേസമയം, പോളിങ് സ്റ്റേഷനുകളെല്ലാം തത്സമയ നിരീക്ഷണത്തിനായി വെബ്കാസ്റ്റിങ് നടത്തുന്നു. സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ 121 ജനറൽ നിരീക്ഷകരെയും 18 പൊലീസ് നിരീക്ഷകരെയും വിന്യസിച്ചിട്ടുണ്ട്. പട്നയിലെ ചീഫ് ഇലക്റൽ ഓഫിസിൽ ഒരു പ്രത്യേക കൺട്രോൾ റൂമും സ്ഥാപിച്ചിട്ടുണ്ട്, അവിടെ വോട്ടർമാർക്ക് ഹെൽപ്പ് ലൈനുകളിലൂടെയും ഇമെയിൽ വഴിയും പരാതികൾ രജിസ്റ്റർ ചെയ്യാം. പൊലീസിനെയും കേന്ദ്ര സായുധ അർദ്ധസൈനിക സേനയെയും വിന്യസിച്ചുകൊണ്ട് എല്ലാ പോളിങ് സ്റ്റേഷനുകളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

