ന്യൂഡൽഹി: 1980ലെ വോട്ടർ പട്ടിക ക്രമക്കേട് കേസുമായി ബന്ധപ്പെട്ട് റൗസ് അവന്യൂ കോടതിയിൽ മറുപടി സമർപ്പിച്ച് കോണ്ഗ്രസ് നേതാവ് സോണിയാ ഗാന്ധി. 1980 ലെ വോട്ടർ പട്ടികയിൽ ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുൻപ് പേര് ചേർത്തുവെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി കോടതി നേരത്തെ തള്ളിയിരുന്നു. അഭിഭാഷകൻ വികാസ് ത്രിപാഠിയാണ് ഹർജി നൽകിയത്. കോടതിയുടെ ഈ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ഇപ്പോള് സോണിയ ഗാന്ധി മറുപടി നൽകിയത്.

ഭേദഗതിയെ പൂർണമായും സോണിയ ഗാന്ധി തൻ്റെ മറുപടിയിൽ എതിർത്തു, ‘ഇത് തെറ്റായ ധാരണയുള്ളതും, ബാലിശവും, രാഷ്ട്രീയ പ്രേരിതവുമാണ്. ക്രിമിനൽ വിധിന്യായത്തിൻ്റെ പരിധിക്ക് പുറത്തുള്ള ചോദ്യങ്ങൾ വീണ്ടും ഉന്നയിക്കരുത്’ എന്നും അവർ കോടതിയോട് ആവശ്യപ്പെട്ടു.
കേസിൻ്റെ അടുത്ത വാദം കേൾക്കൽ ഫെബ്രുവരി 21-ലേക്ക് മാറ്റാൻ പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെ ഉത്തരവിട്ടു. അഭിഭാഷകൻ വികാസ് ത്രിപാഠി സമർപ്പിച്ച ഹർജിയെ തുടർന്ന് 2025 ഡിസംബർ 9 ന് കോടതി സോണിയ ഗാന്ധിക്കും ഡൽഹി പൊലീസിനും നോട്ടീസ് അയച്ചിരുന്നു. സെപ്റ്റംബർ 11 ന്, അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വൈഭവ് ചൗരസ്യ പരാതി പ്രാഥമിക ഘട്ടത്തിൽ തന്നെ ഹർജി തള്ളി, ഉന്നയിച്ച പ്രശ്നങ്ങൾ ക്രിമിനൽ നടപടിക്ക് അർഹമല്ലെന്നും വിധിച്ചു.

1983ലാണ് സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വം നേടിയതെങ്കിലും, 1980-ൽ സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ ചേർത്തതായാണ് ഹർജിയിൽ പറയുന്നത്. 1980-ൽ ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ സോണിയ ഗാന്ധിയുടെ പേര് ചേർത്തിട്ടുണ്ടെന്നും ആ സമയത്ത് അവർ ഇന്ത്യൻ പൗരയല്ലായിരുന്നിട്ട് പോലും പേര് ചേർത്തുവെന്നും ഹർജിയിൽ പറയുന്നു.

1982-ൽ വോട്ടർ പട്ടികയിൽ നിന്ന് അവരുടെ പേര് നീക്കം ചെയ്യുകയും പിന്നീട് 1983-ൽ വീണ്ടും ചേർക്കുകയും ചെയ്തു. 1983 ഏപ്രിലിൽ സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ചുവെന്ന് ഹർജിയിൽ അവകാശപ്പെടുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ, 1980-ൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി ചില വ്യാജ രേഖകൾ സമർപ്പിച്ചിട്ടുണ്ടാകാമെന്നും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
