കൊച്ചി/ന്യൂഡൽഹി : ശ്രീലങ്കൻ തീരത്ത് ഇറാൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐആർഐഎസ് ദേന അമേരിക്കൻ ആക്രമണത്തിൽ തകർക്കപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ്, മറ്റൊരു ഇറാൻ കപ്പലായ ഐആർഐഎസ് ലാവന് കൊച്ചിയിൽ ഇന്ത്യ അടിയന്തരമായി അഭയം നൽകിയതിന്റെ നിർണായക വിവരങ്ങൾ പുറത്ത്.

കപ്പലിലുണ്ടായിരുന്ന 183 നാവികരെ നിലവിൽ കൊച്ചിയിലെ ഇന്ത്യൻ നാവികസേനാ കേന്ദ്രത്തിൽ സുരക്ഷിതമായി പാർപ്പിച്ചിരിക്കുകയാണ്. വിശാഖപട്ടണത്തത്ത് അന്താരാഷ്ട്ര കപ്പൽപ്പട പ്രദർശനത്തിൽ പങ്കെടുക്കാനെത്തിയ ലാവന് ഗുരുതരമായ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് ഇറാൻ നയതന്ത്രതലത്തിൽ ഇന്ത്യയുടെ സഹായം തേടിയത്.
ഫെബ്രുവരി 28-നാണ് കപ്പലിന് അടിയന്തരമായി കൊച്ചിയിൽ നങ്കൂരമിടാൻ സൗകര്യമൊരുക്കണമെന്ന ഇറാന്റെ അഭ്യർഥന ഇന്ത്യൻ സർക്കാരിന് ലഭിച്ചത്. സാഹചര്യം വിലയിരുത്തിയ ഇന്ത്യ മാർച്ച് 1-ന് തന്നെ ഇതിന് ഔദ്യോഗികമായി അനുമതി നൽകുകയും മാർച്ച് 4-ന് കപ്പൽ കൊച്ചി തീരത്ത് അടുക്കുകയും ചെയ്തു.

ഈ സുരക്ഷാ നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ച ഐആർഐഎസ് ദേന ദുരന്തം സംഭവിക്കുന്നത്. ഇന്ത്യൻ നാവികസേനയുടെ അതിഥിയായി ‘മിലാൻ’ നാവികാഭ്യാസത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന ദേനയെ, അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ച് അമേരിക്കൻ അന്തർവാഹിനി ടോർപ്പിഡോ ഉപയോഗിച്ച് തകർക്കുകയായിരുന്നു.

ഐആർഐഎസ് ലാവനിലെ 183 നാവികർക്കും ആവശ്യമായ എല്ലാ താമസസൗകര്യങ്ങളും സുരക്ഷയും ഇന്ത്യൻ നാവികസേന കൊച്ചിയിൽ ഉറപ്പാക്കിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം ഇപ്പോഴും തുടരുന്നതിനിടെയാണ് ഇറാന് കപ്പിലിന് ഇന്ത്യ അഭയം നല്കിയ റിപ്പോര്‍ട്ട് പുറത്തു വരുന്നത്.
