പനാജി: ഗോവയിൽ ക്ലബ്ബിനു തീപിടിച്ച് 23 പേർക്ക് ദാരുണാന്ത്യം. വടക്കൻ ഗോവയിലെ അർപോറയിലുള്ള നിശ ക്ലബ്ബിലാണ് തീപിടിത്തമുണ്ടായത്. ഗോവയിലെ പ്രശസ്തമായ ബാഗ ബീച്ചിലെ ബിർച്ച് ബൈ റോമിയോ ലെയ്ൻ എന്ന ക്ലബ്ബിലാണ് അർദ്ധരാത്രിയോടെ അഗ്നിബാധയുണ്ടായതെന്ന് പൊലീസ് അറിയിച്ചു.

സിലിണ്ടർ പൊട്ടിത്തെറിച്ചാതാകാം തീപിടിത്തത്തിനു കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചവരിൽ ഭൂരിഭാഗവും ക്ലബ്ബിലെ ജീവനക്കാരാണെന്ന് പൊലീസ് പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഡിജിപി ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും വടക്കൻ ഗോവയിൽ നിന്നുള്ള പൊലീസ് സംഘങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്.
ഫയർ ഫോഴ്സിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. ഫയർ ഫോഴ്സിന്റെ നിരവധി യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. ഞായറാഴ്ച പുലർച്ചെ വരെ രക്ഷാപ്രവർത്തനങ്ങൾ നീണ്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ഇതുവരെ 23 പേരുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും തീ നിയന്ത്രണവിധേയമാക്കിയതായും ഗോവ ഡിജിപി അലോക് കുമാർ പറഞ്ഞു. ക്ലബ്ബിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന അടുക്കളയുടെ ഭാഗത്താണാണ് തീപിടുത്തമുണ്ടായത്. കൂടുതൽ മൃതദേഹങ്ങളും അടുക്കളയുടെ ഭാഗത്തു നിന്നാണ് കണ്ടെടുത്തത്. മരണപ്പെട്ടവർ ക്ലബ്ബിലെ ജോലിക്കാരാണെന്നാണ് സൂചന. പടിക്കെട്ടിൽ നിന്നും രണ്ടു മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് ഡിജിപി പറഞ്ഞു.

ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പുവരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ദാരുണ സംഭവത്തിൽ, അഗാധമായ ദുഃഖമുണ്ടെന്നും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തുമായി സംസാരിച്ചതായും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകിയതായും അദ്ദേഹം എക്സിൽ കുറിച്ചു.
