ഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയായ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകം സോഷ്യൽ മീഡിയയിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്നതിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുന്ന പുസ്തകം ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ പിഡിഎഫ് രൂപത്തിൽ പ്രചരിച്ചതിനെത്തുടർന്നാണ് നടപടി.

ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ കേസിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പുസ്തകത്തിന്റെ പിഡിഎഫ് കോപ്പി വിവിധ വെബ്സൈറ്റുകളിൽ ലഭ്യമാണെന്ന് പൊലീസ് കണ്ടെത്തിട്ടുണ്ട്. പുസ്തകം എവിടെ നിന്നാണ് ചോർന്നതെന്നും അത് പ്രചരിപ്പിച്ചത് ആരാണെന്നും കണ്ടെത്താനാണ് ശ്രമം.
പെൻഗ്വിൻ റാഡം ഹൗസ് തയ്യാറാക്കിയ പുസ്തകത്തിന്റെ ടൈപ്പ്സെറ്റ് കോപ്പിയാണ് പ്രചരിക്കുന്നതെന്നാണ് സൂചന. ചില ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റ്ഫോമുകളിൽ പുസ്തകത്തിന്റെ കവർ പേജ് പ്രദർശിപ്പിക്കുകയും അത് വാങ്ങാൻ ലഭ്യമാണെന്ന് നൽകിയിരിക്കുന്നതായും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

പുസ്തകത്തിലെ ചില ഭാഗങ്ങൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ ഉദ്ധരിച്ചത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. 2020 ഓഗസ്റ്റിൽ കിഴക്കൻ ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ ഉണ്ടായ സംഘർഷങ്ങളെ കേന്ദ്ര സർക്കാർ കൈകാര്യം ചെയ്ത രീതിയെ വിമർശിക്കാൻ, രാഹുൽ ഗാന്ധി പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിച്ചിരുന്നു.

2019 ഡിസംബർ മുതൽ 2022 ഏപ്രിൽ വരെയാണ് ജനറൽ നരവാനെ കരസേനാ മേധാവിയായി സേവനമനുഷ്ഠിച്ചത്. ചൈനീസ് സൈന്യവുമായുള്ള കടുത്ത ലഡാക്ക് സംഘർഷം ഇക്കാലയളവിലായിരുന്നു. 20 സൈനികർ വീരമൃത്യു വരിച്ച 2020-ലെ ഗൽവാൻ താഴ്വരയിലെ ഏറ്റുമുട്ടൽ ഇന്ത്യ-ചൈന ബന്ധത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സൈന്യം ലഡാക്കിൽ വൻതോതിലുള്ള സേനാവിന്യാസവും അടിസ്ഥാന സൗകര്യ വികസനവും നടത്തിയിരുന്നു. കൂടാതെ, വിവാദമായ ‘അഗ്നിപഥ്’ റിക്രൂട്ട്മെന്റ് പദ്ധതിയുടെ ആദ്യഘട്ടങ്ങൾ നടപ്പിലാക്കിയതും നരവാനെയുടെ കാലത്താണ്.
