ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിന് പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. അവിശ്വാസ പ്രമേയ നോട്ടീസ് സെക്രട്ടറി ജനറലിന് സമർപ്പിച്ചു. ചട്ടങ്ങൾക്കനുസൃതമായി ഇത് പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്ന് ലോക്സഭാ വൃത്തങ്ങൾ അറിയിച്ചു. സ്പീക്കർ ഓം ബിർളയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനുള്ള പ്രമേയ നോട്ടീസിൽ കോൺഗ്രസ്, ഡിഎംകെ, എസ്പി തുടങ്ങിയ പാർട്ടികളിലെ നൂറ്റിയിരുപതോളം എംപിമാർ ഒപ്പുവെച്ചിട്ടുണ്ട്.

പ്രതിപക്ഷ നിരയുടെ ഭാഗമായ തൃണമൂൽ കോൺഗ്രസിന്, സ്പീക്കർ ഓം ബിർളയ്ക്കെതിരായ നോട്ടീസിൽ വിയോജിപ്പുണ്ടെന്നും, പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ പരിഗണിക്കാൻ അദ്ദേഹത്തിന് ഏഴ് ദിവസത്തെ സമയം നൽകണമെന്നാണ് അവർ ആഗ്രഹിക്കുന്നതെന്നും സ്രോതസ്സുകൾ പറഞ്ഞു. ”ഇന്ന് രാവിലെ നടന്ന ഇന്ത്യ ബ്ലോക്ക് ഫ്ലോർ ലീഡർമാരുടെ യോഗത്തിൽ ഞങ്ങൾ ഞങ്ങളുടെ നിലപാട് അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ അംഗങ്ങൾ നോട്ടീസിൽ ഒപ്പിട്ടിട്ടില്ല,” ഒരു ടിഎംസി എംപി പറഞ്ഞു.
“പ്രതിപക്ഷം ഭരണഘടനാപരമായ മര്യാദകളിൽ വിശ്വസിക്കുന്നു. ബഹുമാനപ്പെട്ട സ്പീക്കറോടുള്ള വ്യക്തിപരമായ ബഹുമാനം നിലനിർത്തിക്കൊണ്ടുതന്നെ, പൊതുതാൽപര്യമുള്ള വിഷയങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷ എംപിമാർക്ക് നിരന്തരമായി അവസരം നിഷേധിക്കപ്പെടുന്നതിൽ ഞങ്ങൾ ദുഃഖിതരും വേദനിക്കുന്നവരുമാണ്. വർഷങ്ങൾക്കുശേഷം സ്പീക്കർക്കെതിരെ ഒരു അവിശ്വാസ നോട്ടീസ് നൽകിയിരിക്കുന്നു, അസാധാരണമായ സാഹചര്യങ്ങൾ സൃഷ്ടിച്ച അസാധാരണമായൊരു നീക്കമാണിത്,” കോൺഗ്രസ് എംപി മാണിക്കം ടാഗോർ തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ കുറിച്ചു.

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിയെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും സംസാരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് ലോക്സഭാ സ്പീക്കർ ഓം ബിർളയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയത്. കേന്ദ്ര ബജറ്റിന്മേലുള്ള ചർച്ച ആരംഭിക്കുന്നതിന് മുൻപ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന ആവശ്യത്തെ ചൊല്ലി സർക്കാരും പ്രതിപക്ഷവും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന്, തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുനരാരംഭിച്ച ലോക്സഭ മിനിറ്റുകൾക്കകം അന്നത്തെ ദിവസത്തേക്ക് പിരിഞ്ഞു.

