ഇന്ന് ജനുവരി 11. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ചരമവാർഷിക ദിനം (Lal Bahadur Shastri Death Anniversary). 1904 ഒക്ടോബർ 2 ന് ഉത്തർപ്രദേശ്, മുഗൾസരായിയിൽ ശാരദ പ്രസാദ് ശ്രീവാസ്തവയുടെയും രാംദുലാരി ദേവിയുടെയും മകനായി ശാസ്ത്രി ജനിച്ചു,സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ഒരു ഇന്ത്യൻ രാഷ്ട്രതന്ത്രജ്ഞനായിരുന്നു ലാൽ ബഹദൂർ ശാസ്ത്രി.

ഹരീഷ് ചന്ദ്ര ഹൈസ്കൂളിലും ,ഈസ്റ്റ് സെൻട്രൽ റെയിൽവേ ഇന്റർ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശാസ്ത്രിജി സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളുടെ ഭാഗം ആകുകയുമായിരുന്നു. ഗാന്ധിജി,സ്വാമി വിവേകാനന്ദൻ,ആനിബസന്റ് എന്നിവരുടെ സ്വാതന്ത്ര്യ സമരപ്രവർത്തനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ ഭാഗമായി.
1947 ലെ സ്വാതന്ത്ര്യലബ്ദിയ്ക്കു ശേഷം, പ്രധാനമന്ത്രി നെഹ്രുവിന്റെ പ്രധാന കാബിനറ്റ് സഹപ്രവർത്തകരിൽ ഒരാളായും , റെയിൽവേ മന്ത്രി (1951-56), തുടർന്ന് ആഭ്യന്തര മന്ത്രി ഉൾപ്പെടെ നിരവധി പ്രമുഖ സ്ഥാനങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ചു.

1965 ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിൽ അദ്ദേഹം രാജ്യത്തെ നയിച്ചു. “ജയ് ജവാൻ, ജയ് കിസാൻ” (“സൈനികന് അഭിവാദ്യം; കർഷകന് അഭിവാദ്യം”) എന്ന മുദ്രാവാക്യം യുദ്ധസമയത്ത് ഭാരതത്തിലുടനീളം വളരെ പ്രചാരത്തിലായി. 1966 ജനുവരി 10 ന് താഷ്കെന്റ് ഉടമ്പടി ഒപ്പു വച്ച് യുദ്ധം അവസാനിപ്പിച്ചു.എങ്കിലും ഭാരതത്തിനു തീരാ നഷ്ടം നൽകി കൊണ്ട് തൊട്ടടുത്ത ദിവസം അദ്ദേഹം അന്തരിച്ചു.

