അഹമ്മദാബാദ്: ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിലെ ആത്മീയ പരിപാടിയായ സോമനാഥ് സ്വാഭിമാന്‍ പര്‍വ്വില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വീകരണത്തിനായി ഒരുക്കിയ സാംസ്കാരിക പരിപടികളിലും മോദി പങ്കെടുത്തു. മോദി നടന്നു നീങ്ങിയ വഴിയില്‍ ഉണ്ടായിരുന്ന ചെണ്ടമേളക്കാര്‍ക്കൊപ്പം പ്രധാനമന്ത്രിയും ചേര്‍ന്നു. സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘത്തിന് ഒപ്പമായിരുന്നു മോദി പങ്കാളിയായത്. സംഘത്തിലുണ്ടായിരുന്ന കലാകാരനില്‍ നിന്നും ചെണ്ടക്കോല് വാങ്ങിയാണ് ചെണ്ടയില്‍ താളമിട്ടത്.

ഗുജറാത്ത് പര്യടനത്തിന്റെ രണ്ടാം ദിനത്തിലാണ് സോമനാഥ് സ്വാഭിമാന്‍ പര്‍വ്വില്‍ പങ്കെടുത്തത്. വിപുലമായ സ്വീകരണ പരിപാടികളായിരുന്നു സോമനാഥ ക്ഷേത്രത്തില്‍ മോദിക്ക് ഒരുക്കിയിരുന്നത്. രാവിലെ സോമനാഥ ക്ഷേത്രത്തില്‍ ദര്‍ശനവും പൂജയും നടത്തിയ പ്രധാനമന്ത്രി പര്‍വിനോടനുബന്ധിച്ചുള്ള പൊതുപരിപാടിയിലും സംസാരിച്ചു.
1026-ല്‍ ഗസ്നിയിലെ മഹ്മൂദ് സോമനാഥ് ക്ഷേത്രം ആക്രമിച്ചതിന്റെ 1,000 വര്‍ഷത്തെ സ്മരണയ്ക്കായാണ് സോമനാഥ് സ്വാഭിമാന്‍ പര്‍വ് ആചരിക്കുന്നത്.

സോമനാഥ ക്ഷേത്രത്തിലെ പൊതു പരിപാടിക്ക് ശേഷം രാജ്കോട്ടില്‍ വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തിലും, മാര്‍വാഡി സര്‍വകലാശാലയിലെ സമ്മേളനത്തില്‍ ട്രേഡ് ഷോയും എക്സിബിഷനും ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഹമ്മദാബാദിലെത്തുന്ന മോദി, അഹമ്മദാബാദ് മെട്രോ രണ്ടാംഘട്ടത്തിന്റെ ബാക്കിയുള്ള ഭാഗം ഉദ്ഘാടനം നിര്‍വഹിക്കും.

