ന്യൂഡൽഹി: പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം ലോക്സഭയിൽ ചർച്ച ചെയ്യുകയും തീർപ്പാക്കുകയും ചെയ്യുന്നതു വരെ ഓം ബിർള സ്പീക്കർ കസേരയിൽ ഇരിക്കില്ല. വിഷയം തീർപ്പാകും വരെ സ്പീക്കർ ഓം ബിർള കസേരയിലേക്കില്ലെന്നു ലോക്സഭാ സെക്രട്ടേറിയറ്റ് വൃത്തങ്ങൾ അറിയിച്ചു.

സ്പീക്കർ ധാർമ്മിക നിലപാട് സ്വീകരിച്ചിരിക്കുകയാണെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇതിലൂടെ പ്രതിപക്ഷത്തിന് ഒരു സന്ദേശം കൂടി നൽകുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. സ്പീക്കർക്കെതിരെയുള്ള അവിശ്വാസ പ്രമേയം കാലതാമസമില്ലാതെ ചർച്ച ചെയ്യുകയും അവസാനിപ്പിക്കുകയും ചെയ്തേക്കും.
സർക്കാരോ പ്രതിപക്ഷമോ അഭ്യർഥിച്ചാലും തന്റെ നിലപാടിൽ നിന്ന് പിന്മാറാൻ ഓം ബിർള തയ്യാറായേക്കില്ല. തന്റെ നിലപാട് ചൊവ്വാഴ്ച തന്നെ കണ്ട പ്രതിപക്ഷ അംഗങ്ങളേയും സർക്കാർ പ്രതിനിധികളേയും അദ്ദേഹം അറിയിച്ചതായാണ് വിവരം.

നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിയെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതിരുന്നതും, ബഹളം ചൂണ്ടിക്കാട്ടി എട്ട് പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തതുമാണ് സ്പീക്കര്‍ക്കെതിരെ രംഗത്തു വരാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്. പ്രതിപക്ഷ എംപിമാരെ ഈ സമ്മേളന കാലയളവു വരെയാണ് സസ്പെന്‍ഡ് ചെയ്തത്. സ്പീക്കറുടെ നടപടി പക്ഷപാതപരമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. മുന്‍ കരസേനാ മേധാവി എംഎം നരവനെയുടെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ രാഹുല്‍ ഉന്നയിച്ചതാണ് ലോക്സഭയില്‍ വന്‍ ബഹളങ്ങള്‍ക്ക് വഴിതെളിച്ചത്.

