തിരുവനന്തപുരം: ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി 62 വിക്ഷേപണം ഇന്ന് നടക്കും. രാവിലെ 10.17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് ദൗത്യം. 2026ലെ ഐഎസ്ആര്‍ഒയുടെ ആദ്യ വിക്ഷേപണ ദൗത്യമാണിത്.

2025 മെയിലെ പരാജയശേഷമുള്ള പിഎസ്എല്‍വിയുടെ തിരിച്ചുവരവാണിത്. ഇഒഎസ് എന്‍ വണ്‍ അന്വേഷയടക്കം പതിനാറ് പേ ലോഡുകളാണ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയക്കുന്നത്. ഹൈപ്പര്‍സ്പെക്ട്രല്‍ ഇമേജിങ്ങ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഉപഗ്രഹം ഭൗമ നിരീക്ഷണത്തില്‍ മുതല്‍ക്കൂട്ടാകും.
അന്വേഷയ്ക്ക് പുറമേയുള്ള പതിനഞ്ച് പേലോഡുകളില്‍ യുകെ, ബ്രസീല്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള ചെറു ഉപഗ്രഹങ്ങളും, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ പരീക്ഷണങ്ങളുമുണ്ട്. ബഹിരാകാശത്ത് ചെന്ന ശേഷം തിരികെ ഭൂമിയിലേക്ക് വരുന്ന സ്പാനിഷ് സ്റ്റാര്‍ട്ടപ്പായ ഓര്‍ബിറ്റല്‍ പാരഡൈമിന്റെ കിഡ് ആണ് മറ്റൊരു ശ്രദ്ധേയ പേലോഡ്.

ഇന്ത്യന്‍ കമ്പനിയായ ഓര്‍ബിറ്റ് എയിഡിന്റെ ആയുല്‍സാറ്റ് എന്നൊരു ചെറു ഉപഗ്രഹവും ദൗത്യത്തിന്റെ ഭാഗമാണ്. ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളില്‍ ഇന്ധനം നിറയ്ക്കുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണമാണ് ലക്ഷ്യം.രാഹുല്‍ മുന്ന ധ്രുവ സ്പേസ് എന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിന്റെ അഞ്ച് ചെറു ഉപഗ്രഹങ്ങളും പിഎസ്എല്‍വി സി 62 ബഹിരാകാശത്ത് എത്തിക്കും.

