സംസ്ഥാനത്ത് പാൽ, പത്രം, ആശുപത്രി, മെഡിക്കൽ ഷോപ്പുകൾ, ആംബുലൻസ്, ഫയർ സർവീസ് എന്നിവയെയും മാരാമൺ കൺവെൻഷൻ, ശബരിമല തീർഥാടനം എന്നിവയെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ന്യൂഡൽഹി: കേന്ദ്ര സർക്കാരിൻ്റെ പുതിയ ലേബർ കോഡുകൾ പിൻവലിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര തൊഴിലാളി സംഘടനകളും കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂർ ഭാരത് ബന്ദ് ആരംഭിച്ചു. 30 കോടിയിലധികം തൊഴിലാളികൾ പങ്കെടുക്കുന്ന പണിമുടക്കിൽ ഐഎൻടിയുസി, സിഐടിയു ഉൾപ്പെടെ പത്ത് പ്രമുഖ സംഘടനകൾ നേതൃത്വം നൽകുന്നതിനാൽ കേരളം പൂർണമായും സ്തംഭിച്ചേക്കുമെന്നാണ് സൂചന.

ഇന്നലെ അർധ രാത്രി 12 മണി മുതൽ ആരംഭിച്ച പണിമുടക്ക് ഇന്ന് അർധരാത്രി 12 മണി വരെയാണ്. ബിഎംഎസ് പണിമുടക്കിൽ നിന്നും വിട്ടുനിൽക്കുകയാണ്. കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് അനുകൂല സംഘടനകൾ സമരത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. സിഐടിയുവും ഐഎൻടിയുസിയും സംയുക്ത സമരസമിതിയുടെ ഭാഗമാണെങ്കിലും വെവ്വേറെയാണ് പണിമുടക്ക് നടത്തുന്നത്. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചാണ് സമരം.
ദേശീയ പണിമുടക്കിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. അർധരാത്രി മുതൽ ആരംഭിച്ച പണിമുടക്കിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഇന്നത്തെ ശമ്പളം ലഭിക്കില്ല. പണിമുടക്കുന്നവരുടെ ശമ്പളം റദ്ദാക്കാനാണ് ഔദ്യോഗിക തീരുമാനം. ഇടതുപക്ഷ പാർട്ടികളും സിഐടിയുവും സജീവമായി പണിമുടക്കിൽ പങ്കെടുക്കുമ്പോഴും സർക്കാർ ഈ നടപടി സ്വീകരിച്ചത് കോടതിയുടെ കർശന ഉത്തരവുകൾ നിലവിലുള്ളതിനാലാണ്. ജോലിക്കെത്തുന്ന ജീവനക്കാരെ തടയാൻ പാടില്ലെന്നും അവർക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും ഉത്തരവിൽ പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. മതിയായ കാരണങ്ങളില്ലാതെ ജോലിക്ക് ഹാജരാകാതിരുന്നാൽ നടപടികൾ നേരിടേണ്ടി വരും.

ദേശീയതലത്തിൽ വിവിധ ട്രേഡ് യൂണിയനുകൾ സംയുക്തമായാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ കേരളത്തിൽ ഐഎൻടിയുസി, സിഐടിയു എന്നിവർ വ്യത്യസ്ത രീതികളിലാണ് പണിമുടക്ക് സംഘടിപ്പിക്കുന്നത്. സെക്രട്ടേറിയറ്റിലെ കോൺഗ്രസ് സംഘടനയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലും കെപിഎസ്ടിയും പണിമുടക്കിൽ പങ്കെടുക്കുന്നില്ല. അതേസമയം എൻജിഒ അസോസിയേഷൻ സമരത്തിൽ സജീവമാണ്.

24 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പണിമുടക്ക് കേരളത്തിൽ പൂർണമായും ഹർത്താലിന് സമാനമായ സാഹചര്യമുണ്ടാക്കാൻ സാധ്യതയുണ്ട്. സംസ്ഥാന സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചാണ് കോൺഗ്രസ് അനുകൂല സംഘടനയായ എൻജിഒ അസോസിയേഷൻ പണിമുടക്കിൽ പങ്കെടുക്കുന്നത്.
ബാധിക്കുന്ന മേഖലകളും ഒഴിവാക്കിയവയും
കടകമ്പോളങ്ങൾ, ഷോപ്പിങ് മാളുകൾ, സ്പെഷ്യൽ ഇക്കോണോമിക് സോണുകൾ (സെസ്) എന്നിവയുടെ പ്രവർത്തനം സ്തംഭിക്കും. സർക്കാർ ഓഫിസുകൾ, ബാങ്കുകൾ, സ്കൂൾ, കോളജ്, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനത്തെയും പണിമുടക്ക് ബാധിക്കും. ഷോപ്പ് എംപ്ലോയീസ്, മത്സ്യ വിതരണ രംഗം, വഴിയോര കച്ചവടക്കാർ, പ്രസ് ജീവനക്കാർ, കയറ്റിറക്ക് തൊഴിലാളികൾ എന്നിവരും പണിമുടക്കിൽ പങ്കുചേരുന്നുണ്ട്. ഐടി മേഖലയിലും തുറമുഖങ്ങളിലും പണിമുടക്കിന് ആഹ്വാനമുണ്ട്. അതേസമയം പാൽ, പത്രം, ആശുപത്രി, മെഡിക്കൽ ഷോപ്പുകൾ, ഫയർ ആൻഡ് റെസ്ക്യൂ സർവീസുകൾ, ആംബുലൻസ്, മാരാമൺ കൺവെൻഷൻ, ശബരിമല തീർഥാടനം എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ദേശീയ പണിമുടക്ക് ദിവസമായ ഇന്ന് കൊച്ചി മെട്രോ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ 6.30 മുതൽ രാത്രി 10 വരെ മെട്രോ സർവീസുകൾ സാധാരണ നിലയിൽ തന്നെ പ്രവർത്തിക്കും.
കെഎസ്ആർടിസി സർവീസുകൾ സാധാരണ പോലെ നടത്തണമെന്ന് മാനേജ്മെൻ്റ് ഉത്തരവിട്ടു. എന്നാൽ സിഐടിയു, എഐടിയുസി, ഐഎൻടിയുസി തുടങ്ങി ഭൂരിഭാഗം തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ സർവീസുകൾ തടസ്സപ്പെടാനാണ് സാധ്യത. പ്രതിസന്ധി മറികടക്കാൻ ബദൽ ജീവനക്കാരെയും താത്കാലിക ജീവനക്കാരെയും ഉപയോഗിച്ച് സർവീസ് നടത്താനാണ് നീക്കം.
