ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ അമ്മയെയും പരിഹസിക്കുന്ന എഐ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതിന് കോൺഗ്രസിനും ഐടി സെല്ലിനുമെതിരെ ഡൽഹി പോലീസ് ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്തു. ബിജെപി ഡൽഹി ഇലക്ഷൻ സെൽ കൺവീനർ സങ്കേത് ഗുപ്ത നൽകിയ പരാതിയിലാണ് നടപടി.

സെപ്റ്റംബർ 10-ന് സാമൂഹ്യ മാധ്യമമായ എക്സിൽ പങ്കുവെച്ച വീഡിയോയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ അന്തരിച്ച അമ്മ ഹീരാബെൻ മോദിയുമായി സ്വപ്നതുല്യമായ സംഭാഷണം നടക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
“എഐ ജനറേറ്റഡ്” എന്ന് രേഖപ്പെടുത്തിയ 36 സെക്കൻഡ് ക്ലിപ്പ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിജെപി ഇതിനെ പ്രധാനമന്ത്രി മോദിക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണമായാണ് കാണുന്നത്. എന്നാൽ, ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് പറഞ്ഞ് കോൺഗ്രസ് വീഡിയോയെ ന്യായീകരിച്ചു.
മാനനഷ്ടമുണ്ടാക്കുന്നതും പ്രധാനമന്ത്രി മോദിയുടെ അമ്മയുടെയും അതുപോലെ എല്ലാ മാതൃത്വത്തിന്റെയും അന്തസ്സിനെ അപമാനിക്കുന്നതുമാണ് വീഡിയോ എന്ന് നോർത്ത് അവന്യൂ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പ്രകോപനം സൃഷ്ടിക്കുന്നതിനായാണ് വീഡിയോ പുറത്തിറക്കിയതെന്ന് ബിജെപി ആരോപിച്ചു.

ഈ സംഭവം “രാജ്യത്തെ എല്ലാ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും നേരെയുള്ള അപമാനമാണെന്ന്” പ്രധാനമന്ത്രി മോദി രൂക്ഷമായി പ്രതികരിച്ചിരുന്നു. തന്റെ അമ്മയ്ക്ക് “രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്നും” അദ്ദേഹം ഊന്നിപ്പറഞ്ഞു.

