ജമ്മു: രാജ്യത്തെ നടുക്കിയ ഡൽഹി സ്ഫോടനത്തിനു പിന്നിലുള്ളവർക്ക് കഠിനമായ ശിക്ഷ നൽകണമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ജമ്മു കശ്മീരിലെ മുഴുവൻ ജനങ്ങളെയും തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരായി മുദ്രകുത്താൻ കഴിയില്ലെന്നും എല്ലാ കശ്മീരി മുസ്ലീങ്ങളും തീവ്രവാദികളല്ലെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ സമാധാനവും ഐക്യവും തകർക്കുന്നതിന് ഉത്തരവാദി ചില ഘടകങ്ങൾ മാത്രമാണെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

‘ചുരുക്കം ചില ആളുകളാണ് ചെങ്കോട്ട ആക്രമണത്തിന് ഉത്തരവാദികൾ. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകണം. എന്നാൽ നിരപരാധികൾ അതിൽ കുടുങ്ങരുത്,’ ജമ്മു കശ്മീർ മുഖ്യമന്ത്രി വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തെ എത്ര അപലപിച്ചാലും മതിയാകില്ലെന്നും നിരപരാധികളെ ഇത്തരത്തിൽ ക്രൂരമായി കൊലപ്പെടുത്തിയത് അങ്ങേയറ്റം ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു പ്രവൃത്തിയെ ആർക്കും ന്യായീകരിക്കാൻ കഴിയില്ലെന്നും അന്വേഷണം തുടരുമെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.

‘എല്ലാ കശ്മീരി മുസ്ലീങ്ങളെയും ഒരേ കണ്ണിലൂടെ നോക്കുമ്പോഴും എല്ലാ കശ്മീരി മുസ്ലീങ്ങളും തീവ്രവാദിയാണെന്ന ധാരണ നൽകാൻ ശ്രമിക്കുമ്പോഴും, കാര്യങ്ങൾ ശരിയായ പാതയിൽ നിലനിർത്തുന്നത് ഏറെ ബുദ്ധിമുട്ടായിത്തീരുന്നു,’ അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും നിരപരാധികളായ ആളുകൾ പീഡിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും, ഒമർ അബ്ദുള്ള പറഞ്ഞു.

