പട്ന: മറ്റ് പാര്‍ട്ടികള്‍ പലരും ചെറുപ്പക്കാരെ ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തുമ്പോള്‍ 9 തവണ ബിഹാര്‍ ഭരിച്ച നിതീഷ് കുമാറെന്ന 74 വയസുകാരന് പിടിച്ചുനില്ക്കാനാകുമോ എന്ന സംശയം ചില കോണുകളില്‍ നിന്നെങ്കിലും ഉയര്‍ന്നിരുന്നു.

നിലപാടില്‍ തരാതരത്തിന് വെള്ളം ചേര്‍ക്കുന്നയാള്‍, ഒരു വള്ളത്തിലും ഉറച്ചുനില്‍ക്കാത്തയാള്‍, അധികാരമോഹി തുടങ്ങി ആരോപണങ്ങള്‍ പലതുണ്ടായിട്ടും ഒരിക്കല്‍ക്കൂടി ഞങ്ങള്‍ക്ക് നിതീഷ് മതിയെന്ന് ബിഹാര്‍ വിധിയെഴുതിയിരിക്കുകയാണ്.
10-ാമതും ബിഹാര്‍ മുഖ്യമന്ത്രിയാകുന്ന നിതീഷിന്റേത് രാജ്യത്തെ തന്നെ അപൂര്‍വനേട്ടമാണ്. ജംഗിള്‍ രാജില്‍ നിന്ന് തങ്ങളെ മോചിപ്പിച്ച് അടിസ്ഥാന സൗകര്യവികസനത്തിലൂടെ നാടിന്റെ മുഖച്ഛായ മാറ്റിയ തങ്ങളുടെ ഒരേയൊരു നായകന് ഇപ്പോഴും നിതീഷ് കുമാര്‍ തന്നെയെന്ന് വീണ്ടുമുറപ്പിക്കുന്നു ബിഹാര്‍.

ബിജെപി 86 സീറ്റുകളും ജെഡിയു 76 സീറ്റുകളും ഏതാണ്ടുറപ്പിച്ചതോടെ ഭരണം എന്‍ഡിഎക്കെന്നും മുഖ്യമന്ത്രി നിതീഷ് തന്നെയെന്നും ബിജെപി പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

